വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മുക്കോല തലയ്ക്കോട് ട്രക്ക് ടെർമിനൽ പ്രദേശത്ത് സംഭരിച്ചിരുന്ന മൺകൂന മഴയിൽ ഒലിച്ചിറങ്ങി ബൈപാസ് സർവീസ് റോഡ് പൂർണ്ണമായും ചെളിയിൽ മുങ്ങി. വ്യാഴാഴ്ച രാവിലെയോടെയാണ് ഈ ഗുരുതരമായ പ്രതിസന്ധിയുണ്ടായത്.
തുറമുഖത്ത് ബങ്കറിങ് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി മുല്ലൂർ പ്രദേശത്തെ കുന്നിടിച്ചെടുത്ത മണ്ണാണ് ട്രക്ക് ടെർമിനൽ ഭാഗത്തേക്ക് തള്ളിയിരുന്നത്. സമീപത്തെ വീടുകളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരപ്പിലാണ് ഇവിടെ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ ഈ മണ്ണ് പൂർണ്ണമായി ഒലിച്ചിറങ്ങുകയായിരുന്നു. തലയ്ക്കോട് ഭാഗത്തെ സർവീസ് റോഡിൽ മണ്ണ് നിറഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
കയറ്റിറക്കമുള്ള തലയ്ക്കോട് അടിപ്പാതയിലൂടെയുള്ള യാത്രയും ദുസ്സഹമായിട്ടുണ്ട്. ഇതിനുപുറമെ, സമീപത്തുള്ള നിരവധി വീടുകളുടെ കിണറുകളിലേക്ക് ചെളിവെള്ളം ഒഴുകി ഇറങ്ങി ജലം ഉപയോഗയോഗ്യമല്ലാതായി മാറി.
തിരുവോണ ദിവസം മുതൽ തന്നെ ഈ ദുരിതം അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കി. കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട
ഗതികേടിലാണ് ഇപ്പോൾ പ്രദേശവാസികൾ. വീടുകൾക്ക് നിലവിൽ കടുത്ത തകർച്ചാ ഭീഷണിയുമുണ്ട്.
തുടർന്ന് ജനവാസ മേഖലയിലുണ്ടായ വലിയ തോതിലുള്ള ദുരിതത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത് സ്ഥലത്ത് ചെറിയ തോതിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. സുരക്ഷിതമല്ലാത്ത രീതിയിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയുടെ വിടവുകളിലൂടെയാണ് മണ്ണും വെള്ളവും വീടുകളിലേക്ക് ഇരച്ചുകയറിയത്.
സംഭവസ്ഥലം സന്ദർശിച്ച എം.വിൻസന്റ് എംഎൽഎ, മണ്ണു നിക്ഷേപിക്കുന്നത് ഉടൻ നിർത്തിവെക്കണമെന്നും അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നും തുറമുഖ അധികൃതർക്ക് കർശന നിർദ്ദേശം നൽകി. കൗൺസിലർ എസ്.ലതിക കുമാരിയും സംഭവസ്ഥലത്ത് എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

