രാജ്യാന്തര വിപണിയിലെ ട്രെൻഡുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ ഔൺസിന് 27 ഡോളർ കുറഞ്ഞ് 4,583 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 14,650 രൂപയും ഒരു പവൻ സ്വർണത്തിന് 1,17,200 രൂപയുമാണ് നിരക്ക്.
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മാത്രം പവന് ആകെ 3,040 രൂപയുടെയും ഗ്രാമിന് 380 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ കെവിൻ വാർഷ് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 7.30ഓടെ നടത്തുന്ന ജാക്സൺ ഹോൾ സിംപോസിയം (Jackson Hole symposium) വാർഷിക പ്രഭാഷണത്തെക്കുറിച്ചുള്ള ആശങ്കകളാണ് സ്വർണ വിപണിക്ക് തിരിച്ചടിയാകുന്നത്.
യുഎസിൽ കഴിഞ്ഞ മാസം പണപ്പെരുപ്പം വർധിച്ചതും ക്രൂഡോയിൽ വില ഉയർന്നുനിൽക്കുന്നതും ഫെഡറൽ റിസർവിന്റെ അടുത്ത പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലേക്ക് നയിക്കുന്നു. വരുന്ന സെപ്റ്റംബർ 16-17 തീയതികളിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
17ന് ഔദ്യോഗിക പണനയം പ്രഖ്യാപിക്കും. പണപ്പെരുപ്പത്തിന്റെയും പലിശനിരക്കിന്റെയും ഭാവി ദിശയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ കെവിന്റെ ഇന്നത്തെ പ്രഭാഷണത്തിൽ ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
പലിശ നിരക്ക് കൂട്ടുമെന്ന സൂചനയാണ് നൽകുന്നതെങ്കിൽ അത് ഡോളറിന് കരുത്തുപകരുകയും സ്വർണവില ഇടിയാൻ കാരണമാവുകയും ചെയ്യും. ഈ സാധ്യത മുന്നിൽക്കണ്ട് നിക്ഷേപകർ നടത്തുന്ന ലാഭമെടുപ്പാണ് നിലവിൽ വില താഴേക്ക് നയിക്കുന്ന പ്രധാന കാരണം.
പലിശ നിരക്കുകൾ ഇനിയും ഉയരുകയാണെങ്കിൽ സ്വർണവില വൈകാതെ ഔൺസിന് 4,400 ഡോളറിന് താഴെ എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിലും വിലയിൽ വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കാം.
അതേസമയം, കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചേക്കുമെന്ന അഭ്യൂഹങ്ങളും വിപണിയിലുണ്ട്. കഴിഞ്ഞ മേയിലാണ് തീരുവ 6 ശതമാനത്തിൽ നിന്ന് ഉയർത്തിയത്.
ഇത് തിരികെ പഴയ നിലയിലേക്ക് മാറ്റുകയാണെങ്കിൽ പവന് ഒറ്റയടിക്ക് 10,000 രൂപയോളം വില കുറയാൻ സാധ്യതയുണ്ട്. വിപണിയിലെ മറ്റ് വിഭാഗങ്ങളിലും ഇന്ന് വില താഴ്ന്നു.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,040 രൂപയിലും പവന് 96,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,375 രൂപയായും പവന് 75,000 രൂപയായും താഴ്ന്നു.
9 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,045 രൂപയും പവൻവില 48,360 രൂപയുമായി എത്തി. കൂടാതെ വെള്ളിയുടെ വിലയും ഇടിഞ്ഞു; ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയാണ് ഇന്നത്തെ നിരക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

