കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശിയായ അഭിനവിനെയാണ് (21) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. കേസിലെ മറ്റ് രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ‘സെനോ’ എന്ന ബസ് മൂന്നംഗ സംഘം കടത്തിക്കൊണ്ടുപോയത്. കോഴിക്കോട് – കൊയിലാണ്ടി റൂട്ടിലോടുന്ന കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബസ്.
തിങ്കളാഴ്ച രാത്രി ഒൻപതു മണിയോടെ സർവീസ് അവസാനിപ്പിച്ച് പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിലാണ് ബസ് നിർത്തിയിട്ടിരുന്നത്. ബസ് സ്റ്റാർട്ട് ചെയ്ത് ആദ്യം കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടുപോയ പ്രതികൾ പിന്നീട് കൊയിലാണ്ടി ഭാഗത്തേക്ക് തന്നെ തിരിച്ചു വരികയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
യാത്രാമധ്യേ പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ ബൈപ്പാസിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ ആഴമേറിയ ചെളിയിൽ താഴുകയുമായിരുന്നു. സമീപത്തെ ഒരു വീടിന്റെ മതിലിലേക്ക് ചരിഞ്ഞുനിന്ന ബസ് മുന്നോട്ട് എടുക്കാൻ സാധിക്കാതെ വന്നതോടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
ചൊവ്വാഴ്ച രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ബസ് ഉടമയും പൊലീസും സംഭവസ്ഥലത്തെത്തിയത്. ബസിനുള്ളിൽ സൂക്ഷിച്ചിരുന്ന കലക്ഷൻ തുകയും നഷ്ടപ്പെട്ടതായി തുടർ അന്വേഷണത്തിൽ വ്യക്തമായി.
രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ബസ് ചെളിയിൽനിന്ന് ഉയർത്തി മാറ്റിയത്. കൊയിലാണ്ടി എസ്ഐ എ.കിരണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒളിവിലായ മറ്റു രണ്ടു പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

