കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രധാന പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ. പോലീസിന്റെ ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് മലപ്പുറം സ്വദേശിയായ അബ്ദുള്ള പിടിയിലായത്.
ക്രൂരകൃത്യത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. 2017 ജനുവരി 24-നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്.
കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ കംഫര്‍ട് സ്റ്റേഷൻ നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി സുനിയാണ് അന്ന് കൊല്ലപ്പെട്ടത്. പൊതിച്ച തേങ്ങ തുണിയില്‍ പൊതിഞ്ഞ് മാരകമായി അക്രമിച്ചായിരുന്നു കൊലപാതകം നടപ്പിലാക്കിയത്.
അബ്ദുള്ളയും മറ്റൊരു വ്യക്തിയും ചേർന്നാണ് ഈ കൃത്യം നടത്തിയതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതക വിവരം പുറത്തുവന്നയുടൻ അബ്ദുള്ള സ്ഥലം വിടുകയായിരുന്നു.
ഈ കേസിൽ കൂട്ടുപ്രതി നേരത്തെ പിടിയിലാവുകയും ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യപ്രതിയായ അബ്ദുള്ളയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല.
തുടർന്ന് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി വിവിധ മേൽവിലാസങ്ങളിൽ ഒളിവ് ജീവിതം നയിക്കുകയായിരുന്നു പ്രതി.
കർണാടകയിലെ മംഗളൂരുവിലും കാസർകോട്ടും വിവിധ പേരുകളിൽ ഇയാൾ താമസിച്ചിരുന്നതായി പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. തുടർന്ന് സാങ്കേതിക തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് മലപ്പുറം മുന്നിയൂരിൽ വെച്ച് പോലീസ് സംഘം പ്രതിയെ വളഞ്ഞ് പിടികൂടിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭാരത റെഡ്ഡിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായക നീക്കം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

