ആലപ്പുഴയുടെ ജലമേളയ്ക്കുള്ള ആവേശം അലയടിക്കുകയാണ്. മെയ്ക്കരുത്തിലും തുഴക്കരുത്തിലും പൂർണ്ണ സജ്ജരായി ജലരാജാക്കന്മാർ പുന്നമടക്കായലിൽ പോരാട്ടത്തിന് ഇറങ്ങിക്കഴിഞ്ഞു.
ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രശസ്തമായ നെഹ്റു ട്രോഫി ജലോത്സവത്തിനായി കായൽപരപ്പ് ഇതിനോടകം തന്നെ ഒരുങ്ങിക്കഴിഞ്ഞു. മത്സരക്കട്ടളയിൽ ഇത്തവണ 21 ചുണ്ടൻ വള്ളങ്ങളിലായി രണ്ടായിരത്തോളം പേരാണ് തുഴയെറിയുന്നത്.
ഇതിനുപുറമെ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ, തെക്കനോടി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 50 ചെറുവള്ളങ്ങളിലും ആയിരത്തിലധികം പേർ അണിനിരക്കും. മൊത്തത്തിൽ മൂവായിരത്തിലധികം കായികതാരങ്ങളാണ് ഇത്തവണ ജലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
പതിനായിരക്കണക്കിന് വള്ളംകളി പ്രേമികളുടെ സാന്നിധ്യവും മേളയ്ക്ക് കൊടികെട്ടുന്ന ആവേശം പകരും. ഏറ്റവും കടുത്ത മത്സരമാണ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ നടക്കാനിരിക്കുന്നത്.
ആകെ 21 ചുണ്ടൻ വള്ളം ടീമുകളാണ് ഇത്തവണ ഒപ്പത്തിനൊപ്പം പൊരുതാനായി കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്. ഒരു ഹീറ്റ്സിൽ ഒന്നാമതെത്തിയാൽ മാത്രം ഫൈനലിൽ പ്രവേശനം ലഭിക്കില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
എല്ലാ ഹീറ്റ്സ് മത്സരങ്ങളിലെയും ഏറ്റവും മികച്ച സമയം കണക്കിലെടുത്താണ് ഫൈനൽ പ്രവേശനം നിർണ്ണയിക്കുക. അതിനാൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ വിജയകിരീടം ചൂടാൻ സാധിക്കൂ.
ചില ഹീറ്റ്സ് പോരാട്ടങ്ങൾ തന്നെ ഫൈനൽ മത്സരങ്ങൾക്ക് തുല്യമായ ആവേശം കാണികൾക്ക് സമ്മാനിച്ചേക്കാം. പുതിയ സമയക്രമം നടപ്പിലാക്കിയതോടെ എല്ലാ ടീമുകൾക്കും തുല്യ അവസരമാണ് ലഭ്യമായിരിക്കുന്നത്.
ഒരേ ഹീറ്റ്സിൽ നിന്ന് തന്നെ ഫൈനലിലേക്ക് ഒന്നിലധികം ടീമുകൾ യോഗ്യത നേടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. മത്സരങ്ങളുടെ തുടക്കവും ഒടുക്കവും യാതൊരുവിധ പരാതികൾക്കും ഇടനൽകാത്ത രീതിയിൽ കുറ്റമറ്റതാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകരും അധികൃതരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

