ഡെലിവറി വാൻ സ്കൂട്ടറിൽ തട്ടിയെന്നാരോപിച്ച് ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. തൃശൂർ കുഴിക്കാട്ടുകോണം സ്വദേശി ബലറാം ആണ് ഡെലിവറി വാൻ ഡ്രൈവറായ മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടിൽ സജീവ് കുമാറിനെ (50) ആക്രമിച്ചത്.
ആക്രമണത്തിൽ സജീവ് കുമാറിന്റെ മൂക്കിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. “മൂക്കിന്റെ എല്ലിനും കണ്ണിന്റെ രക്തക്കുഴലിനും പൊട്ടലും കൃഷ്ണമണിക്ക് പോറലും സംഭവിച്ചിട്ടുണ്ട്” എന്ന് സജീവ് കുമാറിന്റെ ഭാര്യ വ്യക്തമാക്കി.
ഓഗസ്റ്റ് ഒന്നിനാണ് ഈ സംഭവം നടക്കുന്നത്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് നീതിയുക്തമായ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ഇതിന്റെ തുടർച്ചയായാണ് സജീവിന്റെ കുടുംബം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് മുൻപിൽ ശവപ്പെട്ടിയുമായി എത്തി സമരം നടത്തിയത്.
മൊഴിയെടുക്കാൻ എത്തിയ പൊലീസ് കേസിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി മൊഴി മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. തുടർന്ന് പ്രതിക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്ത് വെറുതെവിട്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇരിങ്ങാലക്കുട സ്റ്റേഷനിൽ പുതിയ സർക്കിൾ ഇൻസ്പെക്ടർ ചുമതലയേറ്റ ദിവസമാണ് ഈ പ്രതിഷേധം അരങ്ങേറിയത്.
തുടർന്ന് കേസ് വിവരങ്ങൾ സമഗ്രമായി അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ കർശന നടപടിയെടുക്കാമെന്ന് അദ്ദേഹം സജീവ് കുമാറിന്റെ കുടുംബത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

