മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറുന്നു.
സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ക്രിക്കറ്റ് ലീഗ് സീസൺ മൂന്ന് അരങ്ങേറുന്നത്. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കായികപ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന ഈ ക്രിക്കറ്റ് ഓണം ഗ്രീൻഫീൽഡിനെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ഉദ്ഘാടന മത്സരത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ സ്റ്റേഡിയത്തിൽ നടക്കുക.
കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും വിവിധ കലാപ്രകടനങ്ങളും ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ കെസിഎ പ്രസിഡൻ്റ് അഡ്വ.
ശ്രീജിത്ത് വി നായർ, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം, മറ്റു കെസിഎ ബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരിക്കും. തുടർന്ന് രാത്രി 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്ലേഴ്സും തമ്മിൽ മാറ്റുരയ്ക്കും.
ഇത്തവണത്തെ കിരീട പോരാട്ടത്തിനായി കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് പ്രമുഖ ടീമുകളാണ് കളത്തിലിറങ്ങുന്നത്.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം കാണികൾക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്നതിനായി ഇന്ന് മുതൽ സ്റ്റേഡിയത്തിൽ ഫാൻ വില്ലേജും പ്രവർത്തനം ആരംഭിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫാൻ വില്ലേജിലേക്ക് കാണികൾക്ക് തികച്ചും സൗജന്യമായാണ് പ്രവേശനം ഒരുക്കിയിട്ടുള്ളത്.
സെപ്റ്റംബർ അഞ്ച് വരെ പ്രവർത്തിക്കുന്ന ഫാൻ വില്ലേജിൽ കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. 360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകൾ എന്നിവയ്ക്ക് പുറമെ ആംഗ്രി ബേർഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗൺ, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാർണിവൽ ഗെയിമുകളും ബാറ്റൺ ക്യാച്ചർ, ഭീമൻ കണക്റ്റ്-4 തുടങ്ങിയ വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും വിപുലമായ ഭക്ഷണശാലകളും മനോഹരമായ ദീപാലങ്കാരങ്ങളും ഫാൻ വില്ലേജിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

