കരുവാറ്റയിലെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് പരവൂർ കൊച്ചാലുംമൂട് ലക്ഷം വീടിനു സമീപത്തെ താമസക്കാർ. അയൽക്കാരോട് അധികം സംസാരിക്കാത്ത സൗമ്യനായിരുന്നു കൊല്ലപ്പെട്ടയാളെന്ന് അയൽവാസികൾ പറയുന്നത്.
എല്ലാവരോടും മാന്യമായ പെരുമാറ്റം. ചോദിച്ചാൽ മാത്രം ഉത്തരം പറയുന്ന പ്രകൃതം.
പ്രദേശവാസികളുമായി വലിയ രീതിയിലുള്ള ബന്ധം ഇവർ പുലർത്തിയിരുന്നില്ല. പ്രദേശത്ത് ചില പാർട്ടി പരിപാടികളിലെല്ലാം സ്ഥിരമായി പങ്കെടുക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ആരുമായും പ്രശ്നങ്ങൾ സൃഷ്ടിച്ചതായി അയൽവാസികൾ ഓർക്കുന്നില്ല. 4 മാസം മുൻപാണ് ആലപ്പുഴയിലെ മകളുടെ അടുത്തേക്ക് പോയത്.
മകൻ വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. മകന്റെ, കേൾവി പരിമിതിയുള്ള ഭാര്യയും കൊല്ലപ്പെട്ടയാളുടെ സഹോദരിയുമാണ് കൊച്ചാലുംമൂട്ടിലെ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്.
ബന്ധുവായ കൗമാരക്കാരി പിതാവിനൊപ്പം പരവൂർ കല്ലുംകുന്നിൽ താമസിക്കുമ്പോഴാണ് പ്രതികളായ കൗമാരക്കാരെ പരിചയപ്പെടുന്നത്. കുടുംബം വിലക്കിയിട്ടും ഇവരുമായിട്ടുള്ള സൗഹൃദം തുടർന്നിരുന്നു.
ആലപ്പുഴയിലേക്കു മാറിയതിന് ശേഷവും ബന്ധം തുടർന്നതായാണ് വിവരം. പിതാവിന്റെ അമ്മ മരിച്ചതോടെ കുട്ടി കല്ലുംകുന്നിലെ വീട്ടിലേക്കു വരുന്നത് കുറഞ്ഞിരുന്നു.
ഭാവവ്യത്യാസമില്ലാതെ പൊലീസിനു മുന്നിൽ പരവൂർ കരുവാറ്റ കൊലക്കേസിലെ പ്രതികളായ കൗമാരക്കാർ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ നേരിട്ടത് ഒരു ഭാവവ്യത്യാസവുമില്ലാതെ. എന്നാൽ സ്വന്തം മക്കൾ കൊലപാതകം ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിച്ച അമ്മമാർ പൊലീസ് തെളിവുകൾ നിരത്തിയതോടെ കരച്ചിലും അലമുറയുമായി.
കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ആലപ്പുഴ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പരവൂരിലെത്തിയത്. പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം മൂവരും നൽകി.
രാത്രി സഞ്ചാരങ്ങൾ പതിവായതിനാൽ ഇവർ കൃത്യമായി വീട്ടിലെത്തുന്നുണ്ടോയെന്ന് വീട്ടുകാർ ശരിയായി നിരീക്ഷിച്ചിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരാണ് മൂന്നു പ്രതികളുടെയും കുടുംബം.
പത്ത്, പ്ലസ് വൺ, പ്ലസ് ടു എന്നിങ്ങനെയാണ് മൂവരുടെയും വിദ്യാഭ്യാസ യോഗ്യത. ഒരുമിച്ചു പഠിച്ചിട്ടില്ലാത്ത ഇവർ പ്രദേശത്ത് മറ്റു വിദ്യാർഥികൾക്കൊപ്പം സംഘം ചേരുന്നതും ആളൊഴിഞ്ഞ സ്ഥലങ്ങളിലും കായൽവാരങ്ങളിലും തമ്പടിക്കുന്നതും സംശയമുണ്ടാക്കിയിട്ടുണ്ടെന്നു നാട്ടുകാരിൽ പലരും വെളിപ്പെടുത്തി.
സംഘത്തിന്റെ ദുരൂഹത നിറഞ്ഞ കൂടിക്കാഴ്ചകളിൽ ലഹരി ഉപയോഗവും വിൽപനയും നടക്കുന്നതായും നാട്ടുകാർ സംശയിച്ചിരുന്നു. ധാരാളം പണം ഇവർ ചെലവഴിക്കുന്നുവെന്ന സംസാരവും നാട്ടുകാർക്കിടയിലുണ്ട്.
കൊലപാതകത്തിന് ശേഷം കവർച്ച നടത്തിയ സ്വർണത്തിന്റെ ചെറിയ ഭാഗം വിൽപന നടത്താൻ സംഘത്തിലെ പ്രായപൂർത്തിയായ മോഷണക്കേസ് പ്രതിയ്ക്കാണ് കൈമാറിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത ആലപ്പുഴ പൊലീസ് ഇന്നലെ തെളിവെടുപ്പിന് കല്ലുംകുന്നിൽ എത്തിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

