ഇറാനുമായുള്ള സമാധാന ചർച്ചകളുടെ സാധ്യതകൾ കൂടുതൽ അവതാളത്തിലാക്കിക്കൊണ്ട്, ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പുതിയ പ്രദേശമാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇതുസംബന്ധിച്ച സാമൂഹിക മാധ്യമ പോസ്റ്റാണ് നിലവിലെ സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്.
ഹോർമുസിന്റെ സമ്പൂർണ്ണ നിയന്ത്രണം അമേരിക്കയുടെ കൈവശമാണെന്നും ഈ പ്രദേശം അമേരിക്കൻ ടെറിട്ടറിയായി പ്രഖ്യാപിക്കുമെന്നുമാണ് ട്രംപിന്റെ വാദം. എന്നാൽ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ വഷളാക്കിയതിന് പിന്നിൽ അമേരിക്കയാണെന്നും സമാധാന കരാറുകൾ ലംഘിച്ചത് അവരാണെന്നുമാണ് ഇറാൻ ശക്തമായി തിരിച്ചടിക്കുന്നത്.
ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഖാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഒമാനുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്നും അമേരിക്കയുമായി യാതൊരുവിധ ചർച്ചയ്ക്കുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഇറാനുമായി ചേർന്ന് ഏതെങ്കിലും തരത്തിലുള്ള കരാറുകളിൽ ഏർപ്പെടാൻ ഒമാൻ ശ്രമിച്ചാൽ ഒമാനെയും ആക്രമിക്കുമെന്ന് ഡോണൾഡ് ട്രംപ് കടുത്ത ഭീഷണി മുഴക്കിയിട്ടുണ്ട്. ഒമാനും ഇറാനും ഇടയിലുള്ള നിർണായക ജലപാതയാണ് ഹോർമുസ് കടലിടുക്ക്.
ഹോർമുസിന്റെ മേൽ പൂർണ്ണ അധികാരം ഇറാന് മാത്രമാണെന്നാണ് സ്പീക്കർ മുഹമ്മദ് ബഗേർ ഖാലിബാഫ് വ്യക്തമാക്കുന്നത്. ഈ ജലപാതയിലൂടെയുള്ള ഇറാന്റെ കപ്പലുകൾ തടയുന്ന നടപടികളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
എന്നാൽ, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന നിലപാടിലാണ് ട്രംപ്. ഹോർമുസ് കടലിടുക്ക് എക്കാലത്തും ഇറാന്റെ സ്വന്തമാണെന്നും ഇറാന്റെ അനുമതിയില്ലാതെ ഒരു കപ്പലും ആ വഴി കടന്നുപോകില്ലെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖാരിബാബദി വ്യക്തമാക്കി.
യുദ്ധത്തിൽ പരാജയപ്പെട്ടത് അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലിടുക്ക് തുറക്കണോ അടച്ചിടണമോ എന്ന് ഇറാനാണ് തീരുമാനിക്കുന്നത്.
അമേരിക്ക തങ്ങളുടെ തോൽവി സമ്മതിക്കുന്നതിന് അനുസൃതമായി മാത്രമായിരിക്കും ഇക്കാര്യത്തിൽ തുടർതീരുമാനങ്ങൾ ഉണ്ടാവുകയെന്നും കാസിം ഖാരിബാബദി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.6% ഉയർന്ന് 91.48 ഡോളറിലെത്തി. യുഎസ് ക്രൂഡ് വില 1.3% വർധിച്ച് 85.66 ഡോളറുമായി ഉയർന്നു.
എണ്ണവിലയിലുള്ള ഈ കുതിച്ചുചാട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. തങ്ങളുടെ ആകെ ഉപഭോഗത്തിന്റെ 90% ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
അന്താരാഷ്ട്ര വിപണിയിലെ ഈ വിലക്കയറ്റം ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി വിലകൾ വർദ്ധിക്കുന്നതിന് ഇടയാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

