
കൊച്ചി:മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് സ്റ്റേ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയുള്ള മജിസ്ട്രേറ്റ് കോടതി ഇടപെടല്‍ ചോദ്യം ചെയ്താണ് ആശുപത്രിയും ഡോക്ടര്‍മാരും ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷം പരാതിയില്‍ നടപടിയെടുക്കുന്നത് ക്രിമിനല്‍ നടപടി ക്രമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ജൂണിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ലേക് ഷോര്‍ ആശുപത്രിക്കെതിരെ കേസെടുത്തത്. ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസെടുത്തശേഷം പ്രതികൾക്ക് കോടതി സമൻസ് അയക്കുകയും ചെയ്തിരുന്നു.
2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോര് ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.
യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നൽകിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടന്നും കോടതി കണ്ടെത്തി.
അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ലേക് ഷോര്‍ ആശുപത്രി അധികൃതർ രംഗത്തെത്തിയിരുന്നു. മസ്തിഷ്കത്തിന് സ്ഥിരമായി കേട് സംഭവിക്കുന്ന തരത്തിലുള്ള ശക്തമായ മുറിവായിരുന്നു എബിന്റെതെന്ന് ആശുപത്രി അവകാശപ്പെട്ടു. കൃത്യമായ ചികിത്സ നൽകിയെന്നും സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റീട്രിവല്‍ ആന്‍ഡ് ട്രാന്‍സ്പ്ലാറ്റേഷന്റെ നിർദേശങ്ങൾ പാലിച്ച്, കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയാണ് അവയവദാനം നടത്തിയതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. പരാതിക്കാരന്റെ വാദം മാത്രം കേട്ടാണ് കോടതി നടപടിയെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചിരുന്നു.
Last Updated Oct 3, 2023, 1:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]