

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; സിപിഐ നേതാവ് ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പൊലീസ്; പരാതിയുമായി പൊലിസിനെ സമീപിച്ചിരിക്കുന്നത് ലക്ഷങ്ങള്‍ നഷ്ടമായവർ
സ്വന്തം ലേഖിക
കണ്ടല: കണ്ടല സര്‍വ്വീസ് സഹരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടത്തിയ സിപിഐ നേതാവ് ഭാസുരാംഗനെതിരെ ഇനിയും നിയമനടപടി സ്വീകരിക്കാതെ പൊലീസ്.
66 കേസുകളില്‍ ഒന്നാം പ്രതിയായ ഭാസുരാംഗനെ ചോദ്യം ചെയ്യാൻ പോലും ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. ഭാസുരാംഗന്റെ തട്ടിപ്പ് അക്കമിട്ട് നിരത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ഇയാള്‍ ഇപ്പോഴും മില്‍മയുടെ അഡ്മിനിസ്ട്രേറ്ററായി തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ടലയില്‍ ഭാസുരാംഗന്റെ നേതൃത്വത്തില്‍ നടന്നത് പലതരം തട്ടിപ്പുകളാണ്. ഒന്നിട്ടാല്‍ രണ്ട്, രണ്ടിട്ടാല്‍ നാല് എന്നിങ്ങനെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ തട്ടിപ്പ് രീതി വരെ ഭാസുരാംഗൻ നടത്തിയിരുന്നു. സൗഭാഗ്യനിക്ഷേപം, നിത്യനിധി എന്നിങ്ങനെയുള്ള പേരിലുള്ള ഇരട്ടിപ്പ് തട്ടിപ്പ് കണ്ടെത്തിയത് സഹകരണ രജിസ്ട്രാര്‍ ആണ്. സഹകരണ നിയമത്തിനന് വിരുദ്ധമായായിരുന്നു ഇരട്ടിപ്പ് ഇടപാട്.
ഒരിക്കല്‍ നിക്ഷേപിച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞുമാത്രമാണ് നിക്ഷേപകനെത്തുക. ഇതു അറിയാവുന്ന ഭാസുരംഗനും ബാങ്ക് ഭരണസമിതിയും ഈ പണമെടുത്ത് വകമാറ്റി. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയപ്പോള്‍ ബാങ്ക് കൂപ്പുകുത്തി. 1500ല്‍ പരം നിക്ഷേപകര്‍ക്ക് അങ്ങനെ പണം നഷ്ടമായി. വലിയ ക്രമക്കേട് നടത്തിയ ഭാസുരാംഗനെതിരെയും ഭരണസമിതി അംഗങ്ങള്‍ക്കതിരെയും പലരും പരാതിയുമായി മാറന്നല്ലൂര്‍ പൊലിസിനെ സമീപിച്ചു. ആദ്യം കേസെടുക്കാൻ പൊലിസ് തയ്യാറായില്ല.
വിവാദങ്ങള്‍ തുടങ്ങിയതോടെ 66 കേസുകള്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്തു. എല്ലാത്തിനും ഒന്നാം പ്രതി ഭാസുരാംഗനാണ്. ഒന്ന് വിളിച്ചുവരുത്തി മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. മൂന്നു കോടിക്കു മുകളിലാണെങ്കില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണം, അഞ്ചു കോടിക്കു മുകളിലെങ്കില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കണം. 30 കോടിയിലധികം തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിട്ടും കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചെറുവിരല്‍ പോലും പൊലീസ് അനക്കിയിട്ടില്ല.
ഭാസുരാംഗന് മുൻകൂര്‍ ജാമ്യത്തിനായി പൊലിസ് എല്ലാ ഒത്താശയും ചെയ്യുന്നു എന്നും ആരോപണം ഉയരുന്നുണ്ട്. ഭാസുരാംഗൻെറ രാഷ്ട്രീയ സ്വാധീനമാണ് എല്ലാത്തിനും പിന്നില്‍. പരാതിയുമായി ഇതുവരെ പൊലിസിനെ സമീപിച്ചിരിക്കുന്നത് ലക്ഷങ്ങള്‍ നഷ്ടമായവരാണ്. കോടികളുടെ നിക്ഷേപം നടത്തിയിട്ടും ഇതുവരെ പരാതി പറയാത്തവരും കണ്ടലയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]