

First Published Oct 2, 2023, 5:23 PM IST
തൃശ്ശൂര്‍: സംസ്ഥാനത്ത് വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമാകുന്നത് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണം തടയാന്‍ വേണ്ട നിലപാടുകള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റും. മനുഷ്യ – വന്യജീവി സംരക്ഷണം ഒരേപോലെ ഫലപ്രദമായി നടപ്പിലാക്കും. തൃശ്ശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ 140 കി.മീ അധികം ദൂരത്തില്‍ ഹാംഗിംഗ് ഫെന്‍സിങ് സ്ഥാപിക്കാന്‍ അനുവാദം നല്‍കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
പശ്ചിമ ഘട്ടത്തിന്റെ മുഴുവന്‍ ടൂറിസം സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. തൃശ്ശൂര്‍ ജില്ലയെ ഹരിത ജില്ലയാക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. അതിരപ്പള്ളി വാഴച്ചാല്‍ മേഖലകളിലെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോടൊപ്പം വിഭാവനം ചെയ്യുന്ന സഫാരി പാര്‍ക്കിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് വനം വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓഫീസുകളും ഒരു കുടക്കീഴിലെത്തിക്കുകയെന്ന ആശയവുമായി തൃശൂര്‍ നഗരത്തില്‍ ഫോറസ്റ്റ് കോംപ്ലക്സ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാടിന്റെ വികസനത്തിനും പുരോഗതിക്കായുമുള്ള പരമാവധി ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉള്ളതെന്നും മന്ത്രി ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
തീരമേഖലയിലെ വന വത്ക്കരണവുമായി ബന്ധപ്പെട്ടുള്ള വനം വകുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ജീവന്റെ നിലനില്‍പ്പിന് വേണ്ടിയാണെന്ന ചിന്ത ഏവര്‍ക്കുമുണ്ടാകണം. വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാന്‍ വിവിധ നിയമ-ചട്ട ഭേദഗതികള്‍ നടത്തേണ്ടതുണ്ട്. ഇതിനായി എംപിമാരുടെ സഹകരണം കൂടി ഉറപ്പാക്കിക്കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ചുള്ള ഭേദഗതി തയാറാക്കി കാബിനറ്റില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച സാഹചര്യത്തില്‍ ഈ മാസം ആറിന് ഇക്കാര്യത്തില്‍ വിപുലമായ ചര്‍ച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ ആറളത്ത് ആനകളുടെ അക്രമണം തടയുന്നതിനുതകുന്ന വിധത്തില്‍ 50 കോടി രൂപ മുടക്കി ആനമതില്‍ പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read also:
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പ്രതിവര്‍ഷം എത്തുമെന്ന് കണക്കുകള്‍ പ്രകാരം കരുതപ്പെടുന്ന 50 ലക്ഷം പേരെയും സ്വീകരിക്കാന്‍ പുത്തൂര്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. 30 വര്‍ഷത്തെ സ്വപ്നസാക്ഷാത്കാരമാണ് പുത്തൂരില്‍ സംഭവിച്ചിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി മൃഗങ്ങള്‍ അധിവസിക്കുന്നതിനെ പുനരാവിഷ്കരിക്കുന്ന ലോകത്തിലെ അത്ഭുതമായി പുത്തൂര്‍ മാറുകയാണ്. വനം വകുപ്പ് വനത്തിലേക്ക് വിടാന്‍ കഴിയാതെ പരിപാലിക്കുന്ന മൃഗങ്ങളെ അടക്കം ഇനി പുത്തൂരിലേക്ക് എത്തിക്കുമെന്നും പുത്തൂര്‍ ഒരു ലോകോത്തര ടൂറിസ്റ്റ് വില്ലേജായി മാറുമെന്നും മന്ത്രി കെ രാജന് പറഞ്ഞു.
വൈദ്യുതി ഉല്പാദനത്തില് സംസ്ഥാനത്തിന് ഇനിയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ സബ്സ്റ്റേഷന്റെ ഉദ്ഘാടനത്തിനും സ്വിച്ചോണ്‍ കര്‍മ്മത്തിനും ശേഷം ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
തൃശ്ശൂരിന് പുതിയ ഛായ പകരുന്നതാണ് സുവോളജിക്കല്‍ പാര്‍ക്കിന്റെ വരവെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പിന്റെ വന്യജീവി വാര വിശേഷാല്‍ പതിപ്പായ അരണ്യത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ചടങ്ങില്‍ ഓണ്‍ലൈനായി ആശംസകള്‍ അറിയിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ ചടങ്ങിനോടനുബന്ധിച്ച് മന്ത്രിമാര്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിച്ച മയിലുകളെ മന്ത്രിമാരായ കെ രാജന്, എ കെ ശശീന്ദ്രന്, ഡോ. ആര് ബിന്ദു എന്നിവര്‍ ചേര്‍ന്ന് തുറന്നുവിട്ടു. സെന്‍ട്രല്‍ സര്‍ക്കിള്‍സ് തൃശ്ശൂരിനായി അനുവദിച്ച വാഹനത്തിന്റെ താക്കോല്‍ മന്ത്രി എ കെ ശശീന്ദ്രന് സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ ആര് അനൂപിന് കൈമാറി.
വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം ആര് ശശീന്ദ്രനാഥില്‍ നിന്നും സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര് കീര്‍ത്തി ഉടമ്പടി പ്രമാണം ഏറ്റുവാങ്ങി. പീച്ചി വനം ഡിവിഷന്, പീച്ചി വാഴാനി വന്യജീവി സങ്കേതം, ചൂലന്നൂര്‍ മയില്‍ സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം എന്നിവയുടെ ലോഗോ പ്രകാശനം മന്ത്രിമാരും സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്ത്യന്‍ പക്ഷികളുടെ സ്ഥിതിവിവര റിപ്പോര്‍ട്ട് പ്രകാശനം, മാലിന്യമുക്ത പ്രതിജ്ഞ, വന്യജീവി വാരാഘോഷം പ്രതിജ്ഞ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.
വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി ജയപ്രസാദ് സ്വാഗതമാശംസിച്ച ചടങ്ങില്‍ വനം വകുപ്പ് മേധാവി ഗംഗാ സിംഗ് ആമുഖപ്രഭാഷണം നടത്തി. തൃശ്ശൂര്‍ എംപി ടി എന്‍ പ്രതാപന്, തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എംഎല്‍എമാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. എം ആര് ശശീന്ദ്രനാഥ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി പുകഴേന്തി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ കെ ആര് അനൂപ്, കെ ദീപ, ഇന്ദു വിജയന്, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ കെ ജെ വര്‍ഗീസ്, ഡയറക്ടര്‍ ആര് കീര്‍ത്തി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ മിനി ഉണ്ണികൃഷ്ണന്, ഇന്ദിരാ മോഹന്‍, ശ്രീവിദ്യ രാജേഷ്, തൃശ്ശൂര്‍ കോര്പ്പറേഷന് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസഫ് ടാജറ്റ്, കെ വി സജു, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ ഘോഷയാത്രയും നടന്നു.
Last Updated Oct 2, 2023, 5:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]