
കടലിലെ രാത്രികാല മത്സ്യബന്ധനത്തിൽ നിന്ന് താങ്ങുവള്ളങ്ങളെ താൽക്കാലികമായി വിലക്കി കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും. അധിക പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ച് കടലിൽ നടത്തുന്ന മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടാകുന്നത് വർദ്ധിച്ചതിനാലാണ് താങ്ങുവള്ളങ്ങളെ താൽക്കാലികമായി വിലക്കിയത്.
പുലർച്ചെ 4ന് ശേഷം മാത്രമേ ഇവയ്ക്ക് കടലിൽ പോകാൻ അനുമതിയുള്ളൂ. വിലക്ക് ലംഘിക്കുന്നവരുടെ വള്ളം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 1980ലെ കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ നിയമപ്രകാരം അധിക പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം നിരോധിച്ചതാണ്. മത്സ്യസമ്പത്തിന് ഭീഷണിയാകുമെന്നതിനാലാണ് ഇവ നിരോധിച്ചത്.
കൂടുതൽ മത്സ്യം കിട്ടുന്നതിനാൽ ചില തൊഴിലാളികൾ ഈ രീതി പിന്തുടരുന്നുണ്ട്. നീണ്ടകര, അഴീക്കൽ ഭാഗങ്ങളിൽ നിന്ന് പത്തിലധികം പേർ ഒന്നിച്ചുപോകുന്ന താങ്ങുവള്ളങ്ങളാണ് ഇത്തരം മത്സ്യബന്ധനം കൂടുതലായി നടത്തുന്നത്. ഇതിനോട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എതിർപ്പാണ്.
ആലപ്പാട് ഭാഗത്തുനിന്നുള്ളവർ തീവ്ര ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതായി ആരോപിച്ച് നീണ്ടകര പുത്തൻതുറ ഭാഗത്തുള്ളവർ തടയാനായി സംഘടിക്കുകയും സംഘർഷ സാദ്ധ്യത ഉടലെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളികളുടെയും യോഗം വിളിച്ചുചേർത്താണ് സമാധാനം പുനഃസ്ഥാപിച്ചത്. പിന്നീട് ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും താങ്ങുവള്ളങ്ങളെ രാത്രികാല മത്സ്യബന്ധനത്തിൽ നിന്ന് വിലക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]