ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തുരങ്ക നിർമ്മാണത്തിനിടയിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ 16 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പിപൽകോട്ടിയിൽ ടിഎച്ച്ഡിസി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന തുരങ്കത്തിലാണ് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ അപകടം സംഭവിച്ചത്.
പ്രദേശത്തുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് വൻതോതിൽ വെള്ളവും മണ്ണും തുരങ്കത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടം നടക്കുമ്പോൾ ഏകദേശം ഇരുപതോളം തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത്.
വിവരമറിഞ്ഞയുടൻ തന്നെ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾക്കൊപ്പം സൈന്യവും ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സും (ഐടിബിഎഫ്) രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ എത്തിയിട്ടുണ്ട്.
തുരങ്കത്തിനുള്ളിൽ ഇനിയും രണ്ടോ മൂന്നോ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് ചമോലി ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാർ വ്യക്തമാക്കി.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബാക്കി എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

