ഓണക്കാലം അടുത്തെത്തി നിൽക്കെ സംസ്ഥാനത്ത് പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വില റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുന്നു. വിപണിയിലെ ഈ അനിയന്ത്രിതമായ വിലക്കയറ്റം ഇത്തവണത്തെ തിരുവോണസദ്യയുടെയും പായസത്തിന്റെയും മാധുര്യം കുറയ്ക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
പഞ്ചസാരയ്ക്കും വില വർധിച്ചിട്ടുള്ളത് കുടുംബ ബജറ്റിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം വിവിധ പച്ചക്കറികൾക്ക് 8 രൂപ മുതൽ 30 രൂപ വരെയാണ് വർധനവുണ്ടായിരിക്കുന്നത്.
ഇതിൽ കണ്ണൂർ നഗരത്തിൽ മുരിങ്ങയ്ക്കും കാരറ്റിനും വില സെഞ്ചറി പിന്നിട്ടു കഴിഞ്ഞു. കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 10 കോടിയുടെ കൃഷിനാശമാണ് സംഭവിച്ചിട്ടുള്ളത്.
മലയോര മേഖലയിലെ പ്രധാന കൃഷികളൊക്കെയും വ്യാപകമായി നശിച്ചതോടെ നാടൻ പച്ചക്കറികളുടെ ലഭ്യത പൂർണ്ണമായും നിലച്ചു. നേരത്തെ വിപണിയിൽ സുലഭമായിരുന്ന വയനാടൻ കായയുടെ വരവ് ഗണ്യമായി കുറഞ്ഞതോടൊപ്പം മേട്ടുപ്പാളയം കായയുടെ ലഭ്യതയിലും വലിയ കുറവുണ്ടായിട്ടുണ്ട്.
പച്ചക്കറി ലോഡുകളുടെ വരവ് കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിപണി നൽകുന്ന സൂചനകൾ.
കണ്ണൂർ നഗരത്തിലെ പ്രധാന പച്ചക്കറി-പഴ വർഗ്ഗങ്ങളുടെ പഴയ വിലയും ഇന്നത്തെ പുതിയ വിലയും താഴെ പറയുന്ന പ്രകാരമാണ്:
പാവക്ക: 60 – 90
ഉള്ളി: 30 – 38
ഉരുളക്കിഴങ്ങ്: 28 – 33
വെണ്ടക്ക: 40 – 55
പയർ: 60 – 74
ചേന: 55 – 65
വെള്ളരി: 25 – 32
ഇളവൻ: 35 – 42
കാബേജ്: 38 – 48
മത്തൻ: 30 – 38
ബീൻസ്: 60 – 95
നേന്ത്രപ്പഴം: 70 – 85
നേന്ത്രക്കായ: 45 – 75
ഞാലിപ്പൂവൻ പഴം: 65 – 80
ഞാലിപ്പൂവൻ കായ: 45 – 55
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

