
ഓരോ ദിവസം കഴിയുന്തോറും കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരുന്ന ഒരിടത്താണ് നാം ജീവിക്കുന്നത്. അത് ഇന്ത്യയിൽ എന്നല്ല, ലോകത്ത് എല്ലായിടത്തും ആളുകൾ കൂടുതൽ അസഹിഷ്ണുത കാണിക്കുന്നവരായി മാറുന്നു. എന്നാൽ, ഒരിക്കൽ ഒരാളെ കുത്തിയിരുന്ന ഒരു യുവാവ് ഇന്ന് മറ്റുള്ള ആളുകളെ അത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതിൽ നിന്നും തടയുകയാണ്.
വില്യം ഗ്രീൻഹാൽഗ് എന്നാണ് ആ യുവാവിന്റെ പേര്. 16 -ാമത്തെ വയസുവരെ താൻ കത്തി കൊണ്ടുനടന്നിരുന്നു എന്ന് വില്ല്യം പറയുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസിൽ ഏറ്റവും കൂടുതൽ കത്തിക്കുത്ത് നടക്കുന്നത് ബർമിംഗ്ഹാമിലാണ്. വില്ല്യം ജനിച്ചതും വളർന്നതും അതേ ബർമിംഗ്ഹാമിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ആലും റോക്കിലാണ്. എട്ട് സഹോദരീസഹോദരന്മാർക്കൊപ്പമാണ് വില്ല്യം വളർന്നത്. അച്ഛൻ മരിച്ചപ്പോൾ തന്റെ കുടുംബത്തെ പോറ്റാൻ വേണ്ടി തന്നെക്കൊണ്ട് കഴിയുന്ന എന്തും ചെയ്യണമെന്നാണ് അവൻ കരുതിയത്.
അങ്ങനെ, വളരെ ചെറുപ്പത്തിൽ തന്നെ വില്ല്യം വിവിധ കുറ്റകൃത്യങ്ങളിൽ പങ്കാളിയായി. ചെറിയ ചെറിയ മയക്കുമരുന്ന് ഡീലുകളും മറ്റുമായിട്ടാണ് അത് തുടങ്ങിയത്. എങ്കിലും, പിന്നീട് ഘട്ടംഘട്ടമായി അത് കൂടി വരാൻ തുടങ്ങി. അധികം വൈകാതെ തന്നെ അവൻ ഒരു ഗാങ്ങിന്റെ ഭാഗമായി മാറുകയും ഒരാളെ കുത്തുകയും ചെയ്തു. അതായിരുന്നു വില്ല്യമിന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നു വില്ല്യം കത്തി കയ്യിൽ വച്ചിരുന്നത്. എന്നാൽ, അന്ന് അത് കലാശിച്ചതാവട്ടെ ഒരാളെ കുത്തുന്നതിലും.
അതോടെ, ആയുധം കയ്യിൽ വച്ചതിന്റെ പേരിൽ ഒരിക്കൽ പോലും ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അത് എന്നേക്കുമായി ഉപേക്ഷിക്കാൻ വില്ല്യം തീരുമാനിക്കുകയായിരുന്നു. അതിന് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് വില്ല്യം കൗമാരത്തിന്റെ അവസാനഘട്ടമായപ്പോൾ ഒരു പിതാവായി. രണ്ട് ഒരാളെ കുത്തുമ്പോഴുള്ള കുറ്റബോധം വല്ലാതെ വേട്ടയാടും എന്ന് വില്ല്യം പറയുന്നു. അയാൾക്ക് എന്തെങ്കിലും സംഭവിച്ചോ, അയാൾ മരിച്ചോ തുടങ്ങി അനേകം ചോദ്യങ്ങൾ തങ്ങളെ അസ്വസ്ഥരാക്കി കൊണ്ടേയിരിക്കും എന്നും വില്ല്യം പറയുന്നു.
ഇന്ന്, മറ്റുള്ളവരെ കത്തിയെടുക്കരുത് എന്ന് ബോധവൽക്കരിക്കുകയാണ് വില്ല്യം. അതിനായി Birmingham Says No പോലെയുള്ള സംഘടനകളുടെ ഭാഗമായി അവൻ പ്രവർത്തിക്കുന്നു. ബിബിസിയുടെ ഒരു പ്രോഗ്രാമിലാണ് വില്ല്യം ഇതെല്ലാം തുറന്ന് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]