‘നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്ന്, ഏത് കോടതിയെന്ന് കണ്ടെത്തണം’; പ്രോസിക്യൂഷന്
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന്
പ്രോസിക്യൂഷൻ വെളിപ്പെടുത്തി . ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറിയിട്ടുണ്ട്. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു.
പെൻഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്.
തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പെൻഡ്രൈവ് പരിശോധിച്ചത്. . പല ഘട്ടങ്ങളിലായി മൂന്ന് കോടതികളിൽ പെൻഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്ട്രേറ്റ് കോടതികളിലും, അഡീഷണൽ സെഷൻസ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്.
എന്നാൽ ഇതിൽ ഏത് കോടതിയിൽ നിന്നാണ് ദൃശ്യം ചോർന്നതെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത പൊലീസിനില്ല. എവിടെ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നതിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. കോടതിക്ക് കൈമാറും മുമ്പ് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ മുംബെയിലെ ലാബിൽ വെച്ച് നശിപ്പിച്ചെന്ന ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ അഭിഭാഷകരും ചേർന്ന് തെളിവുകൾ നശിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്.തെളിവുകൾ നശിപ്പിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]