ഒടുവിൽ ആ വിശ്വാസവും അസ്ഥാനത്തായി. സിപിഎം തള്ളിപ്പറഞ്ഞെങ്കിലും പരമ്പരാഗത പാർട്ടി ഗ്രാമങ്ങൾ തന്നെ സംരക്ഷിക്കുമെന്നായിരുന്നു സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതിയായ അർജുൻ ആയങ്കി കരുതിയത്.
എന്നാൽ, പൊലീസിനെ വെട്ടിച്ചുനടക്കുന്നതിനിടയിൽ സുരക്ഷിതമായ ഒളിയിടം തേടി കണ്ണൂരിലെത്തിയ ഇയാൾക്ക് മുൻകാലങ്ങളെപ്പോലെ തുണ ലഭിച്ചില്ല. കണ്ണൂരിലെത്തി രണ്ടു ദിവസത്തിനുള്ളിൽത്തന്നെ നിയമത്തിന് മുന്നിൽപ്പെടാനായിരുന്നു ഇയാളുടെ വിധി.
സ്വർണം പൊട്ടിക്കൽ കേസുകളിൽ സ്ഥിരമായി ഉൾപ്പെട്ടതോടെ സംഘടനയ്ക്കും നേതൃത്വത്തിനും വലിയ തലവേദനയായി മാറിയ അർജുനെ ഒടുവിൽ സിപിഎം പൂർണ്ണമായി തള്ളിപ്പറയുകയായിരുന്നു. എന്നിരുന്നാലും, പാർട്ടി ഗ്രാമങ്ങളുടെ സഹായം ഉണ്ടാകുമെന്നുള്ള അടിയുറച്ച വിശ്വാസത്തിലാണ് ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും വരെ അർജുൻ വെല്ലുവിളിച്ചിരുന്നത്.
മുൻകാലങ്ങളിൽ ടിപി കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവർ ഒളിവിൽ കഴിഞ്ഞിരുന്ന മുടക്കോഴിമല പോലുള്ള സുരക്ഷിത ഗ്രാമങ്ങളായിരുന്നു അർജുനും കൂട്ടാളിയായ ആകാശ് തില്ലങ്കേരിക്കും അന്ന് ഒളിത്താവളങ്ങളായി മാറിയിരുന്നത്. സമൂഹമാധ്യമങ്ങളുടെ പിന്തുണയോടെയാണ് അർജുൻ ആയങ്കി പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.
ജന്മനാടായ അഴീക്കോട് കപ്പക്കടവിലുണ്ടായ ഒരു അക്രമക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയവേയാണ് ഇയാൾ വൻകിട ക്രിമിനൽ സംഘങ്ങളുമായി പരിചയത്തിലാകുന്നത്.
അന്ന് അഴീക്കൽ കപ്പക്കടവിൽ നടന്ന അക്രമങ്ങളിൽ യാതൊരു പങ്കുമില്ലായിരുന്നെങ്കിലും, സുഹൃത്തുക്കൾ അറസ്റ്റിലായപ്പോൾ താനും ആ കേസിൽ പങ്കാളിയാണെന്ന് സ്വയം ഏറ്റുപറഞ്ഞ് റിമാൻഡിൽ കഴിയാൻ തയ്യാറാകുകയായിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം അർജുനെതിരെ പത്തോളം കേസുകൾ നിലവിലുണ്ട്.
വധശ്രമം, മാരകമായ ആക്രമണങ്ങൾ, കവർച്ച തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ അക്രമ രാഷ്ട്രീയത്തിന് കാര്യമായ ശമനം വന്നുതുടങ്ങിയ ഘട്ടത്തിലാണ് അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടക്കമുള്ളവർ സ്വർണം പൊട്ടിക്കൽ പോലുള്ള കുറ്റകൃത്യങ്ങളിലേക്കും ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞത്.
ഇതിനിടയിൽ, പാർട്ടി നേതാക്കൾക്ക് ഇത്തരം ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയ ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിന് പാർട്ടി പ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

