നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിടേണ്ടിവന്ന കനത്ത തിരിച്ചടിയുടെ കാരണങ്ങളും, തിരുത്തൽ നടപടികളും സംബന്ധിച്ച് ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും നിർദ്ദേശങ്ങൾ തേടിയുള്ള വിവരങ്ങൾ പുറത്ത്. തിരഞ്ഞെടുപ്പിൽ എന്തുകൊണ്ടു പരാജയപ്പെട്ടു എന്നും, ഭാവിയിൽ എങ്ങനെയെല്ലാം തെറ്റുകൾ തിരുത്താമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പാർട്ടി സംസ്ഥാന സെന്ററിന് ലഭിച്ചത് കൃത്യം 19,600 പ്രതികരണങ്ങളാണ്.
പൊതുജനങ്ങളുടെയും താഴെത്തട്ടിലുള്ള പ്രവർത്തകരുടെയും അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി സമാഹരിച്ച ഈ വിലയിരുത്തലുകളും തിരുത്തൽ നിർദ്ദേശങ്ങളും അടുത്ത മാസം കോഴിക്കോട് വെച്ച് നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്ന റിപ്പോർട്ടിന്റെ ഭാഗമാക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ തേടാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ വാട്സാപ്പ് സന്ദേശങ്ങൾ അയച്ചത് 17,000 ആളുകളാണ്.
ഇതിനുപുറമേ 2,300 ഇമെയിൽ സന്ദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റ് മുഖേന 300 പേർ തങ്ങളുടെ നിർദ്ദേശങ്ങൾ അറിയിക്കുകയും ചെയ്തു. ലഭിച്ച മുഴുവൻ പ്രതികരണങ്ങളും കൃത്യമായി വേർതിരിച്ച് വിശകലനം ചെയ്യുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ മേഖലയിൽ പ്രാവീണ്യമുള്ള ഒരു പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേരിട്ടുള്ള നേതൃത്വത്തിലും വിവരങ്ങൾ ക്രോഡീകരിച്ചുവരുന്നുണ്ട്. അതേസമയം, വരാനിരിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ വലിയ തോതിലുള്ള നേതൃമാറ്റ ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആകെ 300 പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സുപ്രധാന യോഗത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ 200 കുടുംബസംഗമങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 13 മുതൽ 15 വരെയാണ് വിശാല സംസ്ഥാന സമിതി യോഗം നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

