കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയകൾ പൂർണമായും സ്തംഭിച്ചു. കരൾമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ലൈസൻസുള്ള വകുപ്പുമേധാവി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയതാണ് പ്രധാന പ്രതിസന്ധിയായി മാറിയിരിക്കുന്നത്.
നിലവിൽ പത്തോളം രോഗികളാണ് ശസ്ത്രക്രിയയ്ക്കായി പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. കൂടാതെ, കരൾമാറ്റ ശസ്ത്രക്രിയാ വിഭാഗം തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സൂചനകളുണ്ട്.
2025 ഏപ്രിൽ ഒന്ന് മുതൽ വകുപ്പുമേധാവി ശൂന്യവേതനാവധിയിൽ പ്രവേശിച്ചതോടെയാണ് ആശുപത്രിയിലെ ശസ്ത്രക്രിയകൾ അവതാളത്തിലായത്. ഈ സമയത്ത് പകരം ചുമതലയേറ്റ ഡോക്ടർ കരൾമാറ്റ ശസ്ത്രക്രിയാ ലൈസൻസിനായി അപേക്ഷ നൽകിയെങ്കിലും സർക്കാർതലത്തിൽ അംഗീകാരം ലഭിച്ചില്ല.
തുടർന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ വകുപ്പുമേധാവി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോവുക കൂടി ചെയ്തതോടെ സേവനം പൂർണമായി നിലയ്ക്കുകയായിരുന്നു. 2022 ഫെബ്രുവരി മാസത്തിലാണ് കോട്ടയത്ത് ആദ്യമായി കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
അതിനുശേഷം ആറ് ശസ്ത്രക്രിയകൾ കൂടി ഇവിടെ നടന്നു. എന്നാൽ 2024 നവംബറിലാണ് അവസാനമായി ഒരു കരൾമാറ്റ ശസ്ത്രക്രിയ ഇവിടെ നടന്നത്.
ശസ്ത്രക്രിയകൾ മുടങ്ങി കിടക്കുമ്പോഴും ഇതിനായുള്ള ഫണ്ടുകൾ എത്തുന്നതിന് യാതൊരു കുറവുമില്ല. അതേസമയം, സജീവമായി അവയവമാറ്റം നടത്തിവരുന്ന നേത്രരോഗ, യൂറോളജി തുടങ്ങിയ വിഭാഗങ്ങൾക്ക് അർഹമായ ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

