ദേശീയതലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ കേരളത്തിലെ വിദ്യാർഥികൾക്കും പങ്കുള്ളതായി ഔദ്യോഗിക വിവരം. പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള അന്വേഷണ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഡൽഹി റൗസ് അവന്യു അതിവേഗ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ ഹിതേഷ് കുമാറിന് തന്റെ റൂംമേറ്റായ ലക്ഷയ് രാജിൽ നിന്നാണ് ചോർന്ന ചോദ്യപ്പേപ്പറിന്റെ പിഡിഎഫ് ഫയലുകൾ ലഭിച്ചത്.
രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ലക്ഷയ് രാജ് മുൻപ് സിക്കറിലെ അലൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായിരുന്നു. കേസിൽ നിർണായക തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷയ് രാജ് ചാറ്റുകൾ ഡിലീറ്റ് ചെയ്തതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയാണ് ഈ ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉറവിടമെന്നാണ് സിബിഐ കണ്ടെത്തൽ. മഹാരാഷ്ട്രയിൽ നിന്നും രാജസ്ഥാൻ വഴി ഹരിയാനയിലേക്കും കേരളത്തിലേക്കും ചോർന്ന ചോദ്യപ്പേപ്പറുകൾ വാട്സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ ആപ്ലിക്കേഷനുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
മെയ് 7ന് രാജസ്ഥാൻ സികാർ സ്വദേശിയായ കെമിസ്ട്രി അധ്യാപകൻ ശശികാന്ത് സുതാർ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻടിഎ) അയച്ച ഇമെയിൽ സന്ദേശമാണ് ഈ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. അധ്യാപകൻ താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ മെയ് 3ലെ നീറ്റ് പരീക്ഷ കഴിഞ്ഞയുടൻ അദ്ദേഹത്തെ തേടിയെത്തുകയും, രണ്ട് പിഡിഎഫ് ഫയലുകൾ കാണിച്ച് ഇവ നീറ്റ് പരീക്ഷയുടെ ചോദ്യങ്ങളുമായി ഒത്തുനോക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ പിഡിഎഫിലുണ്ടായിരുന്ന ചോദ്യങ്ങൾ പരീക്ഷയിലും ഉൾപ്പെട്ടിരുന്നു എന്ന് വ്യക്തമായി. ഇതോടെ ഈ രേഖകൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് അധ്യാപകൻ അന്വേഷിക്കുകയായിരുന്നു.
വീട്ടുടമയുടെ കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന മകൻ അയച്ചു നൽകിയതാണെന്നും, മകൻ മുറി പങ്കിടുന്ന മറ്റൊരു വിദ്യാർഥിയാണ് ഇത് കൈമാറിയതെന്നുമുള്ള വിവരമാണ് പിന്നീട് പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

