കണ്ണൂർ ജില്ലയിലെ ചെറുപുഴയ്ക്ക് സമീപം ജോസ്ഗിരി മേഖലയിൽ ഉണ്ടായ കനത്ത ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചലിലും പ്രദേശം ഒറ്റപ്പെട്ട നിലയിൽ.
ശനിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയെത്തുടർന്നാണ് പ്രദേശത്ത് വൻ നാശനഷ്ടം വിതച്ച ദുരന്തമുണ്ടായത്. ഇതിനെത്തുടർന്ന് പ്രദേശത്തെ ഗതാഗതവും വൈദ്യുതി വിതരണവും പൂർണ്ണമായും താറുമാറായിരിക്കുകയാണ്.
മേഖലയിൽ നിരവധി വീടുകൾക്ക് ഗുരുതരമായ തകർച്ച സംഭവിക്കുകയും ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ കുത്തിയൊലിച്ചു പോകുകയും ചെയ്തു. മേത്തല റൂബി മാത്യു, കലുങ്കൽ മേഴ്സി തോമസ്, കല്ലൂർ റെജി, കുറ്റ്യാത്ത് ബിജോയി, പേരാട്ടുക്കുന്നേൽ വിജയകുമാർ, പേരാട്ടുക്കുന്നേൽ സുരേഷ്കുമാർ, പേരാട്ടുക്കുന്നേൽ ശശീന്ദ്രൻ, താണപറമ്പിൽ മനോജ്, മത്തായി പുത്തൻപുര, പുതുവേലിൽ ബിജു എന്നിവരുടെ വീടുകളും കൃഷിയിടങ്ങളുമാണ് പ്രധാനമായും നശിച്ചത്.
കൂടാതെ താബോറിലെ കാരക്കാട്ടിൽ രാജുവിന്റെ കൃഷിയിടവും ഉരുൾപൊട്ടലിൽ പൂർണ്ണമായി നശിച്ചു. രാജഗിരി-ജോസ്ഗിരി റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞുവീണാണ് ഗതാഗതം തടസ്സപ്പെട്ടത്.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കാരണമായിട്ടുണ്ട്. റോഡ് ഗതാഗതവും വൈദ്യുതി വിതരണവും പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ജോസ്ഗിരിയുടെ വിവിധ ഉൾപ്രദേശങ്ങളിലും ഉരുൾപൊട്ടലുകൾ ഉണ്ടായതായി സംശയമുണ്ട്. ആൾത്താമസം കുറഞ്ഞ ഈ മേഖലകളിൽ ഉണ്ടായ യഥാർത്ഥ നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
തകർന്ന വീടുകളിൽ ഭൂരിഭാഗവും ഇപ്പോൾ വാസയോഗ്യമല്ല. ഒട്ടനവധി വീടുകൾ നിലവിൽ കടുത്ത തകർച്ചാ ഭീഷണിയിലുമാണ്.
ഇതിനെത്തുടർന്ന് ദുരിതത്തിലായ പല കുടുംബങ്ങളും ബന്ധുക്കളുടെയും അയൽവാസികളുടെയും വീടുകളിലാണ് ഇപ്പോൾ ആശ്രയം കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പുനരധിവാസം അടിയന്തരമായി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
കൃഷിഭൂമി പൂർണ്ണമായി നഷ്ടപ്പെട്ട കർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
അതിനിടെ, വെള്ളം കയറിയ വീടുകളിലെ പ്രധാന വീട്ടുപകരണങ്ങളും മറ്റും ഒലിച്ചുപോയത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളം കയറിയ വീടുകൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ വിവിധ യുവജന സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു.
വിവിധ രാഷ്ട്രീയ സംഘടനകളുടെ യുവജന വിഭാഗം പ്രവർത്തകരാണ് ഈ ശുചീകരണ യജ്ഞത്തിൽ സജീവമായി പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

