കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനെ തുടർന്ന് അപ്പർ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി. റോഡുകളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചതോടെ, കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ജലമാർഗ്ഗം തേടാൻ നിർബന്ധിതരായിരിക്കുകയാണ്.
ആലപ്പുഴ മുട്ടാർ ചാത്തങ്കരിയിൽ നിന്ന് എസി കനാലിലൂടെ വള്ളത്തിൽ വാഴക്കുലകൾ ചങ്ങനാശേരി ചന്തയിലെത്തിച്ച കർഷകരുടെ ദുരിതമാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. റോഡുകളിൽ അരയോളം വെള്ളം നിറഞ്ഞ സാഹചര്യത്തിലാണ് കർഷകരായ ബേബിച്ചനും ഔസേപ്പച്ചനും പരമ്പരാഗത റോഡ് മാർഗ്ഗം ഉപേക്ഷിച്ച് ജലമാർഗ്ഗത്തിലൂടെയുള്ള യാത്ര തിരഞ്ഞെടുത്തത്.
ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സാഹചര്യമെന്ന് ഇവർ പ്രതികരിച്ചു. “വെള്ളത്തിൽ കുല നശിച്ചു പോകും.
10, 15 ദിവസത്തെ വിളവ് കൂടി ഉണ്ട്. കാത്തിരുന്നാൽ ഒന്നും കിട്ടില്ല.
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു മാർഗം സ്വീകരിക്കുന്നത്” എന്ന് കർഷകർ വ്യക്തമാക്കി. ചാത്തങ്കരിയിൽ നിന്ന് വള്ളം തുഴഞ്ഞ് ഒന്നര മണിക്കൂർ എടുത്താണ് ഇവർ ചങ്ങനാശേരി ചന്തയിൽ എത്തിയത്.
ഓണവിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കുലകളാണ് ഇവിടെ വിൽപ്പനയ്ക്ക എത്തിച്ചത്. സാധാരണയായി ചാത്തങ്കരിയിൽ നിന്ന് പെരിങ്ങര, തിരുവല്ല വഴി റോഡ് മാർഗ്ഗമാണ് ചങ്ങനാശേരിയിലേക്ക് ഉൽപ്പന്നങ്ങൾ കൊണ്ടുപോകാറുള്ളത്.
എന്നാൽ റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെയാണ് തോടുകൾ വഴിയുള്ള യാത്രയ്ക്ക് ഇവർ മുതിർന്നത്. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ ദുരിതം പേറുന്ന പ്രദേശങ്ങളിലൊന്നാണ് മുട്ടാർ.
ചെറിയ മഴയിൽ പോലും ഇവിടെയുള്ള പ്രധാന റോഡുകളിലെല്ലാം വെള്ളം കയറുന്നത് പതിവാണ്. നീരേറ്റുപുറം – മുട്ടാർ – കിടങ്ങറ റോഡും, എടത്വ – കളങ്ങര – മിത്രക്കരി – രാമങ്കരി റോഡും വെള്ളത്തിലാകുന്നതോടെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും പുറംലോകത്തുനിന്നും ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
റോഡുകൾ ഉയർത്തി നിർമിക്കണമെന്ന വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ ശാശ്വത പരിഹാരം കാണാൻ സാധിച്ചിട്ടില്ല. ഇതിനിടെ, കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനെ തുടർന്ന് മാന്നാർ, ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
പമ്പാനദി, അച്ചൻകോവിലാറ്, ചെന്നിത്തല പുത്തനാറ്, കുട്ടംപേരൂർ ആറ് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ദുരിതബാധിത പ്രദേശങ്ങളിൽ പുതുതായി 6 ദുരിതാശ്വാസ ക്യാംപുകൾ കൂടി തുറന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

