ഗ്ലാസ്ഗോയിൽ അരങ്ങേറിയ 2026 കോമൺവെൽത്ത് ഗെയിംസ് ഔദ്യോഗികമായി സമാപിച്ചു. ഞായറാഴ്ച കൊടിയിറങ്ങിയ മത്സരങ്ങളിൽ ആകെ 39 മെഡലുകൾ സ്വന്തമാക്കിയാണ് ഇന്ത്യ അഭിമാനാർഹമായ നാലാം സ്ഥാനം കരസ്ഥമാക്കിയത്.
13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ ഈ ടൂർണമെന്റിലെ മെഡൽ സമ്പാദ്യം. മത്സരങ്ങളിൽ മൊത്തം 171 മെഡലുകൾ നേടി ഓസ്ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചത്.
യഥാക്രമം 110 മെഡലുകളുമായി ഇംഗ്ലണ്ടും 62 മെഡലുകളുമായി കാനഡയും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. വർണശബളവും സംഗീതസാന്ദ്രവുമായ കലാപരിപാടികളോടെയായിരുന്നു ഗ്ലാസ്ഗോയിൽ സമാപനച്ചടങ്ങുകൾ നടന്നത്.
പ്രമുഖ ഓസ്ട്രേലിയൻ ഗായിക ഡെൽറ്റ ഗുഡ്രെം, സ്കോട്ടിഷ് ഗായകരായ കാമി ബാൺസ്, സാൻഡി ടോം തുടങ്ങിയവർ ചടങ്ങിന് മിഴിവേകി. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രശസ്ത സംഗീത സംവിധായകൻ ശങ്കർ മഹാദേവൻ, മാനുഷി ചില്ലാർ തുടങ്ങിയവരും സമാപന വേദിയിൽ സന്നിഹിതരായിരുന്നു.
സ്വർണ മെഡൽ ജേതാവായ ബോക്സിങ് താരം ജാസ്മിൻ ലംബോറിയ ആണ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തി രാജ്യത്തെ നയിച്ചത്. അതേസമയം, കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രപരമായ നൂറാം വാർഷികാഘോഷങ്ങൾക്ക് അടുത്ത തവണ ഇന്ത്യ വേദിയാകും.
2030-ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്ലാസ്ഗോയിലെ സമാപനച്ചടങ്ങിൽ അടുത്ത ഗെയിംസിനായുള്ള ഔദ്യോഗിക ബാറ്റൺ ഇന്ത്യയ്ക്ക് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

