തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. അണമുഖത്തു മേലെ വീട്ടിൽ തങ്കമണിക്ക് (50) ആണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സമീപത്തുനിന്നും പെട്ടെന്ന് പാഞ്ഞെത്തിയ പന്നി ഇവരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തങ്കമണിക്ക് ഇടത് കൈയ്ക്ക് പരിക്കേറ്റത്. തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
വിളപ്പിൽ പഞ്ചായത്തിലെ നെടുങ്കുഴി, ശാസ്താംപാറ, കരുവിലാഞ്ചി, മുക്കംപാലമൂട്, ചൊവ്വള്ളൂർ, അണമുഖം എന്നീ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. നെടുങ്കുഴി പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന ചവർസംസ്കരണ ഫാക്ടറി വളപ്പ് മുൻപ് പന്നികളുടെ പ്രധാന താവളമായിരുന്നു.
രാത്രികാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന ഇവ, കൃഷിയിടങ്ങളിലെത്തി വാഴ, മരച്ചീനി, റബ്ബർ എന്നിവ കുത്തിമറിച്ച് നശിപ്പിക്കുകയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്ത് കൃഷിയിറക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ വ്യക്തമാക്കി.
മുമ്പ് ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാർക്ക് നേരെയും ഇവിടെ പന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

