സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഡി കെ പൃഥിരാജ് സമർപ്പിച്ച സ്ഥലംമാറ്റ അപേക്ഷ സംസ്ഥാന സർക്കാർ തള്ളി. വയനാട് ക്രൈംബ്രാഞ്ചിലേക്കുള്ള നിയമനം റദ്ദാക്കി സ്വന്തം ജില്ലയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ ഹർജിയിലാണ് സർക്കാർ തീരുമാനം വ്യക്തമാക്കിയത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിനുണ്ടെന്നും, അനുഭവസമ്പത്തുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ സേവനം നിലവിൽ വയനാട്ടിൽ അത്യന്താപേക്ഷിതമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. വരുന്ന ജനുവരി 31-ന് സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വയനാട്ടിലേക്ക് മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പൃഥിരാജ് ട്രിബ്യൂണലിനെ സമീപിച്ചത്.
വിരമിക്കൽ സമയം അടുത്ത സാഹചര്യത്തിൽ സ്വന്തം ജില്ല പരിഗണിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു. എന്നാൽ, ഭരണപരമായ കാര്യങ്ങൾ മുൻനിർത്തി സർക്കാർ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഡിവൈ.എസ്.പിയായി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഡി കെ പൃഥിരാജ്. തുടർന്ന് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ആദ്യം സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായി അദ്ദേഹം മാറി.
തലസ്ഥാനത്തുനിന്നും വയനാട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയ ഉത്തരവ് നിലനിൽക്കെയാണ് അദ്ദേഹം നിയമപോരാട്ടത്തിലേക്ക് കടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

