മൈസൂരു: കുർക്കുറെ പാക്കറ്റിൽ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. മൈസൂരു ജില്ലയിലെ ഗൗരീപുര ഗ്രാമത്തിൽ 1.7.’26-നാണ് ദാരുണമായ ഈ സംഭവമുണ്ടായത്.
സന്തോഷ് – ഐശ്വര്യ ദമ്പതികളുടെ ഏക മകനായ മുകുന്ദ് മയൂർ ആണ് മരണപ്പെട്ടത്. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗൗരമ്മയുടെയും ശങ്കർ നായക്കിന്റെയും ചെറുമകനാണ് മുകുന്ദ്.
പലഹാരപ്പൊതിക്കൊപ്പം സൗജന്യമായി ലഭിച്ച പ്ലാസ്റ്റിക് ഗിഫ്റ്റ് ബോൾ ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അത് അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നുവെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. പന്ത് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടി കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഹുൻസൂർ റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന് സമാനമായ മറ്റൊരു ദാരുണ സംഭവം ഈ വർഷം ആദ്യവും പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ചിൽ മൈസൂരിലെ ദൊഡ്ഡഹെജ്ജൂർ ഗ്രാമത്തിൽ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് വിഴുങ്ങി ആറര മാസം പ്രായമുള്ള ചിന്മയ് ഗൗഡ എന്ന കുഞ്ഞും ശ്വാസംമുട്ടി മരണപ്പെട്ടിരുന്നു.
മൂത്ത സഹോദരനോടൊപ്പം കളിക്കുന്നതിനിടെ വീടിന്റെ പ്രവേശന കവാടത്തിൽ വച്ചിരുന്ന പൂവെടുത്ത് കുട്ടി വായിലിടുകയായിരുന്നു. ഉടൻ തന്നെ ഹനഗോഡുവിലെ ആശുപത്രിയിലും തുടർന്ന് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

