ദില്ലി: രാജ്യത്ത് നടപ്പിലാക്കി വരുന്ന ഇ20 പെട്രോൾ ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രാലയങ്ങളുടെ വിശദീകരണങ്ങളിൽ ഭിന്നത നിലനിൽക്കുന്നു. ഇ20 പെട്രോൾ ഉപയോഗിച്ചാൽ വാഹനങ്ങളുടെ മൈലേജിൽ രണ്ട് മുതൽ ആറ് ശതമാനം വരെ കുറവുണ്ടാകാമെന്നാണ് ഉപരിതല ഗതാഗത വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
എന്നാൽ, ഇതിന് വിരുദ്ധമായി മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മാത്രമാണ് മൈലേജ് കുറയുകയെന്നാണ് പെട്രോളിയം മന്ത്രാലയം ഇതിനുമുമ്പ് രാജ്യസഭയെ അറിയിച്ചിരുന്നത്. ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട് നിരവധി ശാസ്ത്രീയ പഠനങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ പഠന റിപ്പോർട്ടുകൾ ഇതുവരെ പരസ്യപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
കൂടാതെ, ഇ20 ഇന്ധനത്തിന്റെ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കുമോ എന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്. രാജ്യതലസ്ഥാനമായ ദില്ലി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇ20 നിർബന്ധമാക്കിയ നടപടിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലും, ഈ ഇന്ധനം പൂർണ്ണമായും സുരക്ഷിതമാണെന്ന നിലപാടാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നത്.
പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു
ഇന്ത്യാഗേറ്റ് മുതൽ പാർലമെന്റിന് സമീപം വരെ ടീം ഭാരതിന്റെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നൽകിയില്ല. ആക്ടിവിസ്റ്റും സംരംഭകനുമായ തെഹ്സീൻ പൂനെവാലയുടെ നേതൃത്വത്തിലാണ് ഈ മാർച്ച് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, മാർച്ചുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്നതിനിടയിൽ തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നലെ റദ്ദാക്കപ്പെടുകയുണ്ടായി. സത്യം തുറന്നു പറഞ്ഞതിനാണ് തനിക്കെതിരെയുള്ള ഈ നടപടിയെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
തുടർന്ന് പൊലീസ് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ നിശ്ചയിച്ച പ്രതിഷേധ പരിപാടി മാറ്റിവെക്കുകയായിരുന്നു. ഇ20 പെട്രോൾ ഉപയോഗിച്ചതുമൂലം വാഹനം തകരാറിലായ ഒരൊറ്റ സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ വെല്ലുവിളി ഏറ്റെടുത്താണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.
മന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് ഒന്നല്ല, അത്തരം ആറ് വാഹന ഉടമകളെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി. എന്നാൽ, മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ മാത്രമേ മന്ത്രി നിതിൻ ഗഡ്കരി ഇവർക്ക് മുന്നിൽ കൂടിക്കാഴ്ച നടത്താവൂ എന്ന പ്രധാന നിബന്ധനയും പ്രതിഷേധക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.
നിലവിൽ ‘ഇ20 ജനത പാർട്ടി’ (ഇജെപി) എന്ന പേരിൽ സമൂഹമാധ്യമങ്ങൾ വഴിയും ഇന്ധന നയത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

