
ഇടുക്കി: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ച നടത്താനെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. തേനി ജില്ലയിലെ കെ ജി പെട്ടി സ്വദേശിയാണ് കീർത്തി. ചാമുണ്ഡിപുരത്തുകാരനാണ് അരുൺ കുമാർ. തെങ്ങുകയറ്റത്തൊഴിലാളികളായ രണ്ട് പേരും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തെറ്റി.
കഴിഞ്ഞ കുറച്ചു കാലമായി ഇവർ തമ്മിൽ പലതവണ സംഘർഷമുണ്ടായി. ഇതോടെ കീർത്തിയുടെയും അരുണിന്റെയും കൂട്ടുകാർ രണ്ടു സംഘമായി പിരിഞ്ഞു. ഇടയ്ക്കിടെ തർക്കങ്ങളും പതിവായി. ഇത് പരിഹരിക്കാൻ രണ്ടു സംഘത്തിൽ പെട്ടവരും ശനിയാഴ്ച വൈകിട്ട് ഗൂഡല്ലൂർ ഈശ്വരൻ കോവിലിനു സമീപം ഒത്തു കൂടി. ചർച്ചക്കിടെ കീർത്തിയും അരുൺകുമാറും തമ്മിലുള്ള വാഗ്വാദം കയ്യാങ്കളയിലെത്തി. ഇതോടെ രണ്ടു സംഘങ്ങളും ഏറ്റുമുട്ടി. ഇതിനിടെ കീർത്തി അരിവാളെടുത്ത് അരുൺകുമാറിന്റെ തലക്ക് വെട്ടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അരുൺ സംഭവ സ്ഥലത്തുവച്ച് മരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ കീർത്തിയെ സുഹൃത്തുക്കൾ കമ്പം സർക്കാർ ആശുപത്രിയിലാക്കി. സംഭവമറിഞ്ഞെത്തിയ ഗൂഡല്ലൂർ പൊലീസ് അരുൺ കുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കീർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയം വാകത്താനത്ത് അമ്മയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മകന് തൂങ്ങി മരിച്ചു. പനച്ചിക്കാട് സ്വദേശി ബിജുവാണ് ആത്മഹത്യ ചെയ്തത്. സ്വന്തം ഓട്ടോറിക്ഷയില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുക്കിയ ശേഷം പാലത്തില്‍ നിന്ന് ചാടിയായിരുന്നു ബിജു ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വാകത്താനം ഉദിക്കല്‍ പാലത്തിലായിരുന്നു ബിജുവിന്റെ ആത്മഹത്യ. മൃതദേഹം കണ്ട നാട്ടുകാര്‍ ആദ്യം കൊലപാതകമെന്ന് സംശയിച്ചു. പിന്നാലെ പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ആത്മഹത്യയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Last Updated Oct 1, 2023, 9:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]