പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കെെക്കൂലി നൽകേണ്ടി വന്നുവെന്ന് നടൻ വിശാൽ. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിന് വേണ്ടിയും പണം നൽകിയെന്ന് താരം ആരോപിച്ചു. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിശാലിന്റെ അഴിമതി ആരോപണം.
സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം താരം നേരിട്ടത്. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞു. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടിട്ടുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ അധ്വാനിച്ചുണ്ടാക്കിയ പണം അഴിമതിയിലൂടെ നഷ്ടമാകുന്നതിലെ നീരസവും വിശാൽ പങ്കുവെച്ചു.
‘വെള്ളിത്തിരയിൽ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാൽ യഥാർഥ ജീവിതത്തിൽ ശരിയല്ല. അത് അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അതിലും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിൽ സംഭവിച്ചു. എന്റെ ചിത്രം മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നൽകേണ്ടി വന്നു. 2 ഇടപാടുകൾ നടത്തി. സ്ക്രീനിങിന് മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവും നൽകി. എന്റെ കരിയറിൽ ഒരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിർമാതാക്കൾക്ക് വേണ്ടിയാണ്. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു‘, വിശാൽ കുറിച്ചു.
താൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ലെന്നും സത്യം പുറത്തുവരാൻ നൽകിയ വിലയാണ് ആറുലക്ഷമെന്നും വിശാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല താൻ അഴിമതിക്കെതിരെ പോരാടുന്നതെന്നും നടൻ വ്യക്തമാക്കി. ബോളിവുഡിന്റെ കാര്യം തനിക്കറിയില്ലെന്നും തെന്നിന്ത്യൻ സിനിമയിൽ ഇങ്ങനെയൊന്നില്ലെന്നും വിശാൽ കൂട്ടിച്ചേർത്തു.
ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]