ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായിയും ബംഗ്ലാദേശ് പ്രസിഡന്റുമായ മുഹമ്മദ് ഷഹാബുദ്ദീൻ തന്റെ ഔദ്യോഗിക പദവി രാജിവെച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ രാജി. പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട
വിവരങ്ങൾ പ്രകാരം, 76-കാരനായ ഷഹാബുദ്ദീൻ 2023 ഏപ്രിൽ മുതൽ ആണ് ബംഗ്ലാദേശിന്റെ പ്രസിഡന്റായി സേവനം അനുഷ്ചിച്ചു വന്നിരുന്നത്. 2024-ൽ രാജ്യത്ത് ഉണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചതിന് ശേഷമുള്ള സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലും അദ്ദേഹം പദവിയിൽ തുടർന്നിരുന്നു.
അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് സ്ഥിരീകരിച്ചതായി ഷഹാബുദ്ദീൻ വ്യക്തമാക്കുന്നു. ഈ രോഗാവസ്ഥ മൂലം ഇടയ്ക്കിടെ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം തന്റെ പ്രസ് സെക്രട്ടറി വഴി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
അഞ്ച് മാസത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങാൻ പദ്ധതിയിടുന്ന ഷെയ്ഖ് ഹസീനയ്ക്ക് ഈ രാജിയിലൂടെ ഭരണതലത്തിൽ പിന്തുണ നൽകാൻ വേണ്ടപ്പെട്ടവരാരും ഇല്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. 2024-ലെ പ്രക്ഷോഭത്തിന് ശേഷം ഹസീനയുടെ അവാമി ലീഗ് പാർട്ടി രാജ്യത്ത് നിരോധിക്കപ്പെടുകയും, പ്രമുഖ നേതാക്കളും പ്രവർത്തകരും ഒന്നുകിൽ ജയിലിലാകുകയോ അല്ലെങ്കിൽ ഒളിവിൽ പോവുകയോ ചെയ്തിരിക്കുകയാണ്.
അതേസമയം, പുതിയൊരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ ദേശീയ പാർലമെന്റായ ജാതിയ സംസദ് സ്പീക്കർ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 17.3 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ രാഷ്ട്രത്തലവൻ എന്ന നിലയിൽ പ്രസിഡന്റാണ് സായുധ സേനയുടെ പരമോന്നത കമാൻഡർ എങ്കിലും, ഭരണ നിർവ്വഹണത്തിനുള്ള യഥാർത്ഥ അധികാരം പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

