ഡൽഹിയിൽ സമരത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ രംഗത്ത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ അഹില്യാനഗറിൽ അദ്ദേഹം രണ്ടു മണിക്കൂർ നീളുന്ന മൗന ആന്ദോളൻ (മൗന സമരം) സംഘടിപ്പിച്ചു.
വ്യാഴാഴ്ച അഹില്യാനഗറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. സമരം അവസാനിച്ചതിനു പിന്നാലെ അദ്ദേഹം തന്റെ ജന്മഗ്രാമമായ റാലേഗൻ സിദ്ധിയിലേക്ക് മടങ്ങി.
പ്രതിഷേധ പരിപാടികൾക്ക് മുന്നോടിയായി ബുധനാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഡൽഹിയിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങളും പൊലീസ് നടപടികളും തന്നെ അതീവമായി വേദനിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.
പ്രക്ഷോഭകാരികളുടെ രോഷത്തെ കേവലം ക്രമസമാധാന പ്രശ്നമായി ചുരുക്കിക്കെട്ടാതെ, അതൊരു സമൂഹത്തിന്റെ വേദനയായും പ്രതീക്ഷയായും വിലയിരുത്തണമെന്നാണ് ഹസാരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കില്ലെന്നും, പകരം സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളതും കാര്യക്ഷമവുമാക്കാൻ അത് സഹായകരമാകുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.
സമരം ചെയ്യുന്നവരുടെ പരാതികൾ ക്ഷമയോടെ കേൾക്കാനും, പരസ്പര വിശ്വാസത്തിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും കേന്ദ്ര സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

