നഗരത്തിലെ നിർദിഷ്ട മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരം സൗത്ത് റെയിൽവേ ടെർമിനൽ വരെ നീട്ടണമെന്ന ആവശ്യവുമായി നാട്ടുകാരും വിവിധ സംഘടനകളും രംഗത്ത്.
പ്രാരംഭ അലൈൻമെന്റിൽ നേമത്തിന് തെക്ക് 2 കിലോമീറ്റർ അകലെ പള്ളിച്ചൽ വരെ നിശ്ചയിച്ചിരുന്ന പദ്ധതി, നിലവിലെ അലൈൻമെന്റ് പ്രകാരം നേമത്തിനു വടക്ക് പാപ്പനംകോട് നിന്നാണ് ആരംഭിക്കുന്നത്. ബാലരാമപുരം, നെയ്യാറ്റിൻകര, മലയിൻകീഴ്, വിഴിഞ്ഞം, കാഞ്ഞിരംകുളം തുടങ്ങി ജനസാന്ദ്രതയേറിയ മേഖലകളിലുള്ളവർക്ക് മെട്രോ സേവനം എളുപ്പത്തിൽ ലഭ്യമാക്കാൻ അലൈൻമെന്റിൽ ഈ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം സൗത്ത് റെയിൽവേ (നേമം) ടെർമിനലിന്റെ നിർമാണം പൂർത്തിയാകുന്നതോടെ തലസ്ഥാന നഗരത്തിന്റെ യാത്രാ സൗകര്യങ്ങളിൽ വലിയ പുരോഗതിയുണ്ടാകും. റെയിൽവേ സ്റ്റേഷന് പുറമേ തിരുവനന്തപുരം ജില്ലാ റജിസ്ട്രേഷൻ കോംപ്ലക്സും നേമത്താണ് വരുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും പുതിയ മാറ്റം ഏറെ ഗുണം ചെയ്യും. കൂടാതെ, വിഴിഞ്ഞം തുറമുഖം പൂർണ തോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ ഈ പ്രദേശത്ത് യാത്രാത്തിരക്ക് വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഈ ആവശ്യം ഉന്നയിച്ച് നേമം മേഖലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻസ്, മുഖ്യമന്ത്രി വി.ഡി.സതീശൻ, എംഎൽഎ രാജീവ് ചന്ദ്രശേഖർ എന്നിവർക്ക് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു. മുൻ മുഖ്യമന്ത്രിക്കും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർക്കും നേരത്തെയും സമാനമായ നിവേദനങ്ങൾ നൽകിയിരുന്നു.
സർക്കാർ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അലൈൻമെന്റിൽ നേമം ഉൾപ്പെടാത്തതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് ഫ്രാൻസ് പ്രസിഡന്റ് മണ്ണാങ്കൽ രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ആർ.വിജയൻ നായർ എന്നിവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

