തൊടുപുഴ നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗതയും മൂലം യാത്രക്കാരുടെ സുരക്ഷ വലിയ ഭീഷണിയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി ഒരു വീട്ടമ്മയടക്കം രണ്ടുപേരാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ വെങ്ങല്ലൂർ ഷാപ്പുംപടിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലക്കോട് ചവർണ സ്വദേശി പരീത് (58) മരണത്തിന് കീഴടങ്ങി. ഇതിനു മുൻപ് ഈ മാസം 13-ന് വൈകിട്ട് ഡീ പോൾ സ്കൂളിനു സമീപവും ദാരുണമായ സംഭവമുണ്ടായി.
സ്വകാര്യ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ, യാത്രക്കാരി താഴെയിറങ്ങും മുൻപേ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് വണ്ണപ്പുറം സ്വദേശിയായ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. നഗരത്തിലെ തിരക്കേറിയ റൂട്ടുകളായ മൂവാറ്റുപുഴ, പൂമാല, കരിമണ്ണൂർ, വണ്ണപ്പുറം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകൾ അമിതവേഗതയിൽ പായുന്നത് പതിവായിരിക്കുകയാണ്.
കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി നഗരത്തിലൂടെ ഓടിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇരുചക്ര വാഹന യാത്രികരെയും കാൽനടക്കാരെയും വകവയ്ക്കാതെയുള്ള ബസുകളുടെ ഈ യാത്രകൾ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വെങ്ങല്ലൂർ അപകടത്തിൽ ഉൾപ്പെട്ട ‘അബിൽമോൻ’ എന്ന ബസ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
ഈ ബസ് ഏതാനും മാസങ്ങൾക്ക് മുൻപ് റോട്ടറി ജംക്ഷനിൽ നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിൽ ഇടിച്ചു നിന്ന സംഭവം ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടകരമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മോട്ടർ വാഹന വകുപ്പും പൊലീസും തയ്യാറാകണമെന്നാണ് നഗരവാസികളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

