ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ നടപടികൾ കർശനമാക്കി അധികൃതർ. ടിക്കറ്റ് പരിശോധനയ്ക്കിടെ പിടിക്കപ്പെടുന്നവർക്ക് വലിയ തുക പിഴയായി നൽകേണ്ടി വരുമെന്ന് മാത്രമല്ല, കോടതി നടപടികൾ ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യും.
ജൻ വിശ്വാസ് നിയമം നിലവിൽ വന്നതോടെ ടിക്കറ്റില്ലാത്ത യാത്രകൾക്കെതിരെ റെയിൽവേ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. അടുത്തിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെട്ട
ഒരാൾക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയും കോടതി വിധിക്കുകയുണ്ടായി. പരിശോധനയ്ക്കിടെ ഇയാൾ പിഴ അടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആർപിഎഫ് കേസ് റജിസ്റ്റർ ചെയ്തത്.
തുടർന്ന് കൊല്ലം ആർപിഎഫ് സ്റ്റേഷനിൽ നടപടികൾ പൂർത്തിയാക്കി ഇയാളെ കൊല്ലം സ്പെഷൽ ക്ലാസ് റെയിൽവേ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. മജിസ്ട്രേട്ട് ജസ്റ്റിൻ മാർട്ടിൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
1989-ലെ റെയിൽവേ ആക്ട് സെക്ഷൻ 137, 145(ബി), 146 പ്രകാരമാണ് കേസ് നടപടികൾ സ്വീകരിച്ചത്. പുതിയ നിയമപ്രകാരം ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തിയിട്ടുണ്ട്.
ജനറൽ കോച്ചുകളിൽ പിടിക്കപ്പെട്ടാൽ അടക്കേണ്ട തുക 320 രൂപയിൽ നിന്ന് 570 രൂപയായും, സ്ലീപ്പർ കോച്ചുകളിൽ ഇത് 780 രൂപയായും വർദ്ധിച്ചു.
നിയമം ലംഘിക്കുന്നവർ പിഴയടയ്ക്കാൻ തയ്യാറായില്ലെങ്കിൽ കോടതി നടപടികളിലൂടെ ആറു മാസം വരെ തടവുശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി മറ്റ് നിയമലംഘനങ്ങൾക്കും കനത്ത പിഴ ഏർപ്പെടുത്തിയിട്ടുണ്ട്.
– ട്രെയിനുകളിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയാൽ 1,000 രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാം.
– കോച്ചുകൾക്കുള്ളിൽ പുകവലിച്ചാൽ 2,000 രൂപ പിഴ നൽകണം.
പിഴയടയ്ക്കാൻ വിസമ്മതിച്ച് കോടതിയിലെത്തിയാൽ ഇത് 5,000 രൂപ വരെയാകാം.
– വനിതാ കോച്ചുകളിൽ അതിക്രമിച്ചു കയറിയാൽ 2,000 മുതൽ 5,000 രൂപ വരെ പിഴ ചുമത്തും.
– ട്രെയിനുകളുടെ ചവിട്ടുപടിയിലും മുകളിലും ഇരുന്നു യാത്ര ചെയ്താൽ 2,000 രൂപ പിഴ അടയ്ക്കേണ്ടി വരും. യാത്രക്കാർ എപ്പോഴും സാധുവായ ടിക്കറ്റ് കൈവശം വെക്കണമെന്നും, നിയമം ലംഘിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും നിയമനടപടികൾക്കും കാരണമാകുമെന്നും റെയിൽവേ അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

