ബംഗ്ലാദേശ് മുൻ പ്രസിഡന്റും ഭരണകക്ഷിയായ ബി.എൻ.പിയുടെ (ബംഗ്ലാദേശ് നാഷണൽ പാർട്ടി) സ്ഥാപകനുമായ സിയാവുർ റഹ്മാനെ വധിച്ച കേസിലെ പ്രതികളിലൊരാളായ മുൻ സൈനിക ഉദ്യോഗസ്ഥൻ നാലര പതിറ്റാണ്ടിന് ശേഷം പിടിയിലായി. മുൻ ആർമി മേജറായ മുസാഫർ ഹൊസൈൻ (77) ആണ് ധാക്കയിലെ ബനാനി ഡി.ഒ.എച്ച്.എസ് പ്രദേശത്ത് വെച്ച് നിയമപാലകരുടെ പിടിയിലായത്.
ബുധനാഴ്ച അർദ്ധരാത്രിയോടെ ധാക്ക മെട്രോപൊളിറ്റൻ ഡിറ്റക്ടീവ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 1981 മെയ് 30-ന് പുലർച്ചെ ചിറ്റഗോങ് സർക്യൂട്ട് ഹൗസിൽ വെച്ച് നടന്ന അട്ടിമറി ശ്രമത്തിനിടെയാണ് സിയാവുർ റഹ്മാൻ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കേസ് രേഖകളുടെ അടിസ്ഥാനത്തിൽ, പ്രസിഡന്റിന് നേരെ നേരിട്ട് വെടിയുതിർത്തവരിൽ പ്രധാനിയാണ് പിടിയിലായ മേജർ മുസാഫർ ഹൊസൈൻ. കൊലപാതകത്തിന് ശേഷം രാജ്യം വിട്ട
ഇയാൾ ഇത്രയും കാലം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. നിലവിലെ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പിതാവാണ് അന്തരിച്ച സിയാവുർ റഹ്മാൻ.
അധികാരമേറ്റ് ആറുമാസം പിന്നിടുമ്പോൾ ലഭിച്ച ഈ അറസ്റ്റ് ബി.എൻ.പി സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ വിജയം കൂടിയാണ്. കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന സർക്കാരിന്റെ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വേഗത്തിലുള്ള നടപടികൾ ഉണ്ടായത്.
അറസ്റ്റിലായ മുസാഫർ ഹൊസൈനെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ സൈനിക വിചാരണ നടപടികൾക്കായി ബംഗ്ലാദേശ് സൈന്യത്തിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

