
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില 100 ഡോളറിലേക്ക് കുതിക്കുമ്പോൾ രാജ്യത്തിന്റെ ഇതുവരെയുണ്ടായിരുന്ന ആശ്വാസമെല്ലാം നഷ്ടപ്പെടുകയാണ്. ആവശ്യകതയുടെ 858 ശതമാനത്തോളം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനാൽ സമ്പദ്വ്യവസ്ഥയെ എണ്ണവില വർധന സാരമായി ബാധിക്കും. ഒക്ടോബറിൽ തന്നെ വില 100 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ.
ഇറക്കുമതിച്ചെലവേറും
വിവിധ മേഖലകളിലെ കയറ്റുമതി ഇടിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇറക്കുമതിച്ചെലവു വീണ്ടും കൂടുന്നത് കറന്റ് അക്കൗണ്ട് കമ്മി ഇനിയും ഉയരാൻ കാരണമാകും. എണ്ണവിലയിലെ ഓരോ 10 ഡോളറിന്റെ വർധനയും കറന്റ് അക്കൗണ്ട് കമ്മി അര ശതമാനം കൂട്ടാനിടയാക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പെട്രോളിയം ഉൽപന്നങ്ങളുടെ ആകെ ഉപയോഗം 10 ശതമാനമാണ് ഉയർന്നത്. 222.3 ദശലക്ഷം ടൺ ബാരൽ എണ്ണ ഇറക്കുമതി ചെയ്തപ്പോൾ ആഭ്യന്തര ഉൽപാദനം 29.2 ദശലക്ഷം മാത്രം. ഡിമാൻഡ് ഉയരുന്നതിനാൽ ഇറക്കുമതി കുറയ്ക്കാനുമാവില്ല.
ഇറക്കുമതിച്ചെലവേറുന്നത് ഡോളറിന്റെ ആവശ്യമുയർത്തുകയും രൂപയെ വീണ്ടും ദുർബലപ്പെടുത്തുകയും ചെയ്യും. അമേരിക്കൻ ട്രഷറി വരുമാനം 10 വർഷത്തെ ഉയരത്തിലെത്തിയതോടെ ഡോളർ അതിശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ എണ്ണവില കൂടി പിടിവിട്ടുയരുന്നത് രൂപയ്ക്കു വലിയ തിരിച്ചടിയുണ്ടാക്കും. രൂപ ഇടിയുന്നതിനനുസരിച്ച് ഇറക്കുമതിച്ചെലവു വീണ്ടും കൂടും.
ഓഹരിവിപണിക്കും ക്ഷീണം
ഊർജത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും ചെലവ് ഏറുന്നത് കോർപറേറ്റ് വരുമാനം കുറയ്ക്കും. ക്രൂഡ് അസംസ്കൃത വസ്തുവായി വരുന്ന പെയിന്റ്, സ്റ്റീൽ, ടയർ, സിമന്റ്, കെമിക്കൽ തുടങ്ങിയ മേഖലകളെ വിലവർധന സാരമായി ബാധിക്കും. ഇത് ഓഹരി വിപണിക്ക് തിരിച്ചടിയാകും.
പലിശ കൂടാം
എണ്ണവില വർധനയുടെ അനന്തരഫലം ഉയർന്ന വിലപ്പെരുപ്പത്തോതാണ്. റിസർവ് ബാങ്കിന്റെ സഹനപരിധിക്ക് തൊട്ടടുത്തെത്തിയ വിലക്കയറ്റ സൂചികകൾ വീണ്ടും ഉയരുന്നത് പലിശ ഇളവെന്ന പ്രതീക്ഷ ഇല്ലാതാക്കും. വില പിടിവിട്ടുയർന്നാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ വർധനയും പ്രതീക്ഷിക്കണം.
ഇളവ് പ്രതീക്ഷിക്കേണ്ട
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേന്ദ്രം ഇന്ധനവില കുറയ്ക്കുമെന്ന വ്യാപക പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് എണ്ണവിലവർധന. എണ്ണക്കമ്പനികൾക്ക് നഷ്ടമുണ്ടാകുന്ന രീതിയിലുള്ള വില കുറയ്ക്കൽ കേന്ദ്രം നടത്തിയേക്കില്ല. ക്രൂഡ് വില 100 ഡോളറിനു മുകളിൽ തുടർന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ധന വില വർധന പോലും പ്രതീക്ഷിക്കാം.
വില പെട്ടെന്നു കൂടിയതിനു പിന്നിൽ
സൗദി അറേബ്യയും റഷ്യയും അടക്കം ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉൽപാദന നിയന്ത്രണം ഡിസംബർ വരെ തുടരുമെന്നു വ്യക്തമാക്കിയതോടെയാണ് വില ഉയർന്നു തുടങ്ങിയത്. കഴിഞ്ഞ ജൂണിൽ 74 ഡോളറിലായിരുന്ന വില 90 ഡോളർ കടന്നു. തുടർന്ന് പെട്രോൾ, ഡീസൽ കയറ്റുമതി നിർത്തിവയ്ക്കുന്നുവെന്ന റഷ്യയുടെ പ്രഖ്യാപനവുമെത്തി. ഇതിനുശേഷമാണ് അമേരിക്കയിലെ എണ്ണസംഭരണികളിൽ ക്രൂഡ് ശേഖരം കുറഞ്ഞുവെന്നുള്ള കണക്കുകൾ പുറത്തുവന്നത്. ഇതും വില കുതിച്ചുയരാൻ കാരണമായി. ശീതകാലം തുടങ്ങാറായതിനാൽ ആഗോള തലത്തിൽ ഡിമാൻഡ് ഉയരുകയുമാണ്.
Content Highlight: Effects of rising oil prices
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]