യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിഒരുക്കിയത്. പോരാത്തതിന് ഇപ്പോഴും കർമനിരതരായ ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥരുടെ അനുഭവ കഥ. നായകനായി മമ്മൂട്ടി. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിനായി കാത്തിരിക്കാൻ ഇത്രയുമൊക്കെ മതിയായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല.പതിയെ തുടങ്ങി ചൂടുപിടിച്ച് കത്തിക്കയറുന്ന ചലച്ചിത്രാനുഭവമാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ കണ്ണൂർ സ്ക്വാഡ് എന്ന പാൻ ഇന്ത്യൻ ചിത്രം.
പോലീസ് കഥ എന്നുകേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. ആരെയും കൂസാത്ത ധീരനായ പോലീസ് ഓഫീസർ. അയാൾക്ക് ഇടിക്കാനും പറപ്പിക്കാനും പാകത്തിന് ആക്രോശിച്ചുകൊണ്ട് എതിരിടുന്ന വില്ലന്മാർ. ഇതൊന്നും അല്ലെങ്കിൽ ഒരു കുറ്റകൃത്യവും അതിനുപിന്നാലെയുള്ള അന്വേഷണവും. വിജയിക്കുന്ന നായകനും. ഈ പതിവുരീതികളിൽ നിന്ന് വഴിമാറിനടക്കുകയാണ് കണ്ണൂർ സ്ക്വാഡ്. ഒരുപറ്റം പോലീസുകാരുടെ ഒത്തൊരുമയുടേയും വാശിയുടേയും നിരന്തരശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റേയുമെല്ലാം കഥയാണ് കണ്ണൂർ സ്ക്വാഡ്. മികച്ച പ്രകടനങ്ങളും അടുത്തതെന്തായിരിക്കും നടക്കാൻ പോകുന്നത് എന്നുമുള്ള ആകാംക്ഷയുമെല്ലാം ഈ പോലീസ് കഥയ്ക്ക് ബലമേകുന്നു.
ഒരു സീനിയർ ഓഫീസറുടെ കീഴിൽ ഒരുസംഘം പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന കുറ്റാന്വേഷണവും മറ്റും പലതവണ മലയാളികൾ വിവിധ ഭാഷകളിലായി കണ്ടുകഴിഞ്ഞതാണ്. ഇവിടെയാണ് കണ്ണൂർ സ്ക്വാഡ് വ്യത്യസ്തമാവുന്നതും. ഒന്നിലേറെ സംഭവങ്ങളിലേക്കാണ് ചിത്രം രസച്ചരട് പൊട്ടാതെ പ്രേക്ഷകനെ ഒരു വെളുത്ത പോലീസ് വാഹനത്തിലൂടെ കൂട്ടിക്കൊണ്ടുപോവുന്നത്. പ്രധാന കഥയ്ക്കൊപ്പം കണ്ണൂർ സ്ക്വാഡിലെ സംഘാംഗങ്ങളുടേയും ജീവിതമെന്താണെന്നും ഏത് സാഹചര്യത്തിൽ നിന്നാണ് അവർ വരുന്നതെന്നും പോലീസ് സംവിധാനത്തിന്റെ ഭാഗമായിരിക്കേ തന്നെ ആ സിസ്റ്റം അവർക്കെന്താണ് നൽകുന്നതെന്നും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഒരു പോലീസ് കഥ എന്നതിലുപരി പോലീസ് സംവിധാനത്തിനകത്തെ രാഷ്ട്രീയം പറയുന്ന ചിത്രം എന്ന തലത്തിലേക്ക് കണ്ണൂർ സ്ക്വാഡ് ഉയരുന്നത് ഇവിടെയാണ്.
കാസർകോട് നടക്കുന്ന ഒരു കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ തേടി എ.എസ്.ഐ ജോർജ്, ജയൻ, ജോസ്, മുഹമ്മദ് ഷാഫി എന്നിവർ നടത്തുന്ന ഇന്ത്യൻ യാത്രയാണ് ചിത്രത്തിന്റെ ആകെത്തുക. കുറ്റവാളിയെ തേടി അന്യസംസ്ഥാനത്തേക്കുള്ള യാത്ര എന്നു കേൾക്കുമ്പോൾ മിക്കവരുടേയും മനസിലേക്ക് വരുന്ന ചിത്രം എച്ച് വിനോദ് സംവിധാനം ചെയ്ത തീരൻ അധികാരം ഒൻട്ര് ആയിരിക്കും. അതുമായി താരതമ്യം ചെയ്യാനുള്ള വ്യഗ്രതയും കൂടുതലായിരിക്കും. എന്നാൽ തീർത്തും വിഭിന്നമായ സാഹചര്യങ്ങളിലൂടെയും അന്തരീക്ഷത്തിലൂടെയുമാണ് കണ്ണൂർ സ്ക്വാഡ് അംഗങ്ങൾ കടന്നുപോവുന്നത്. അവരൊരിക്കലും വിജയിച്ച് മാത്രം കാര്യങ്ങളിലേക്കടുക്കുന്നവരല്ല. അവർ തിരിച്ചടികൾ നേരിടുന്നുണ്ട്. പരസ്പരം പോരടിക്കുന്നുണ്ട്.
സഹപ്രവർത്തകരോട് സഹാനുഭൂതിയും വഴക്കുപറയാനും വേണമെങ്കിൽ രണ്ടടി കൊടുക്കാനും സ്വാതന്ത്ര്യമുള്ള വല്യേട്ടനാണ് മമ്മൂട്ടി അവതരിപ്പിച്ച ജോർജ്. മേലുദ്യോഗസ്ഥർക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടി വരുന്നുണ്ടെങ്കിലും താനൊരു പോലീസ് ആണെന്ന് തന്റേടത്തോടെ പറയുന്നയാളാണ് ഇദ്ദേഹം. ശബരീഷ് അവതരിപ്പിച്ച ഷാഫിയും റോണി ഡേവിഡിന്റെ ജയനും അസീസ് നെടുമങ്ങാടിന്റെ പോലീസ് ഡ്രൈവർ ജോസുമെല്ലാം പോലീസ് സംവിധാനത്തിന്റെ അടിത്തട്ടിൽക്കിടക്കുന്നവരാണ്. അവർക്ക് ജോലി മാത്രമാണ് പോലീസ്. കാക്കിയഴിച്ചുവെച്ചുകഴിഞ്ഞാൽ അവരും പ്രാരാബ്ധക്കാരായ സാമാന്യജനങ്ങൾ തന്നെയെന്ന് കാട്ടിത്തരുന്നുണ്ട് കണ്ണൂർ സ്ക്വാഡ്. സ്ഥിരം പോലീസ് മേധാവികളിൽ നിന്ന് വഴിമാറി നടക്കുന്ന സ്വഭാവക്കാരനാണ് കിഷോർ അവതരിപ്പിച്ച മനു ചോളൻ. സമൂഹത്തിന്റെ താഴേ തട്ടിൽ നിന്നുവന്ന് ഉന്നത സ്ഥാനത്തെത്തിയിട്ടും സ്വന്തം ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന വേർതിരിവുകളിൽ അസ്വസ്ഥനും അമർഷം പ്രകടിപ്പിക്കുന്നവനുമാണ് ചോളൻ. സഹപ്രവർത്തകരോട് അനുകമ്പയുണ്ടെങ്കിലും സമ്മർദ്ദം അനുഭവിക്കുന്ന മേധാവിയാണ് വിജയരാഘവൻ അവതരിപ്പിച്ച കൃഷ്ണലാൽ.
റിയലിസ്റ്റിക് ആണോ മാസ് ആണോ കണ്ണൂർ സ്ക്വാഡ് എന്ന് ചോദിച്ചാൽ രണ്ടുമാണെന്ന് പറയേണ്ടിവരും. കാരണം റിയലിസ്റ്റിക് ആവേണ്ട സ്ഥലത്ത് അങ്ങനെയും മാസ് ആകേണ്ടിടത്ത് മാസായും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതിൽ കണ്ണൂർ സ്ക്വാഡ് വിജയിച്ചിട്ടുണ്ട്. ആദ്യചിത്രം എന്ന പ്രതീതിയുളവാക്കാതെ ചിത്രമൊരുക്കിയതിൽ സംവിധായകൻ റോബി വർഗീസ് രാജിന് നല്ലൊരു കയ്യടിക്ക് അർഹനാണ്. തിരക്കഥയൊരുക്കിയ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവരും അഭിനന്ദനം അർഹിക്കുന്നു. മികച്ച തിയേറ്റർ എക്സ്പീരിയൻസും പ്രകടനമികവും ആവേശക്കാഴ്ചകളും കാണാനാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ധൈര്യമായി ടിക്കറ്റെടുക്കാം കണ്ണൂർ സ്ക്വാഡിന്.
Content Highlights: kannur squad movie review, kannur squad first review, kannur squad malayalam review, mammootty
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]