കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്ന മണ്ഡല പുനർനിർണയ ബില്ലിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി പാർട്ടി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. രാജ്യത്തെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെങ്കിൽ, ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് അവർ വ്യക്തമാക്കി.
മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. “50 ശതമാനം സീറ്റ് വർധന എന്ന നിബന്ധന രേഖാമൂലം നൽകൂ.
അതിനുശേഷം നമുക്ക് ചർച്ച ചെയ്യാം” എന്ന് സുപ്രിയ സുലെ വ്യക്തമാക്കി. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ യോഗത്തിൽ സന്നിഹിതരായിരുന്നുവെന്നും അവർ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന രീതിയിൽ സീറ്റുകൾ വർധിപ്പിക്കണമെന്ന നിർദേശം അമിത് ഷായും കിരൺ റിജിജുവും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും, ബില്ലിന്റെ ഔദ്യോഗിക പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സുപ്രിയ സുലെ പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം പുനർനിർണയം നടത്തിയാൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കാണിക്കുന്ന വലിയ അനീതിയായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എൻഡിഎ മുന്നണിയിലേക്ക് എൻസിപി (എസ്പി) ചേക്കേറാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളെ സുപ്രിയ സുലെ പൂർണ്ണമായും തള്ളിക്കളഞ്ഞു. “ഞങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.
അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഞങ്ങൾ ഒരിടത്തേക്കും പോകുന്നില്ല.
എൻസിപി ഇന്ത്യ സഖ്യത്തിൽത്തന്നെ ഉറച്ചുനിൽക്കും” എന്ന് അവർ വ്യക്തമാക്കി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിനായി എൻസിപി (എസ്പി), ഡിഎംകെ തുടങ്ങിയ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപി ശ്രമിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചു.
ഈ ബില്ലിനെ പിന്തുണയ്ക്കരുതെന്ന് അദ്ദേഹം ഇരു പാർട്ടികളോടും അഭ്യർത്ഥിച്ചിട്ടുമുണ്ട്. നിലവിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻഡിഎയ്ക്ക് ഇല്ലാത്ത സാഹചര്യത്തിൽ, വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം മാത്രമാകും ബിൽ സഭയിൽ അവതരിപ്പിക്കുക എന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

