സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. നീണ്ട
13 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് അദ്ദേഹത്തിന് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിരിക്കുന്നത്. കോടതി വിധിയോടുള്ള പ്രതികരണം
തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നതായി ടെന്നി ജോപ്പൻ വ്യക്തമാക്കി.
“ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപദ്രവിക്കുകയായിരുന്നു. 13 വർഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് പരിഹാരമായി.
ശത്രുക്കൾ പുറത്തല്ല, ഉള്ളിൽ തന്നെയായിരുന്നു. ഈ കോടതി വിധി ഉമ്മൻ ചാണ്ടിയ്ക്ക് സമർപ്പിക്കുന്നു,” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയപ്പോൾ ഐജി ഹേമചന്ദ്രൻ തന്നെ മർദ്ദിച്ചുവെന്നും ടെന്നി ജോപ്പൻ വെളിപ്പെടുത്തി. നിലവിൽ തനിക്ക് പെൻഷൻ ലഭിക്കുന്നില്ലെന്നും, പുതിയ സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിന്റെ പശ്ചാത്തലം
മല്ലേലിൽ ശ്രീധരൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടെന്നി ജോപ്പനെതിരെ കേസെടുത്തത്. സരിത നായർക്ക് പണം നൽകാൻ ജോപ്പൻ സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു മല്ലേലിൽ ശ്രീധരൻ നായരുടെ മൊഴി.
സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ നിന്ന് നടന്ന ഏക അറസ്റ്റ് ഇതായിരുന്നു. എന്നാൽ, ടെന്നി ജോപ്പനെതിരായ കേസിൽ മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് പരാതിക്കാരനായ ശ്രീധരൻ നായർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയതിനെത്തുടർന്നാണ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കാൻ ഉത്തരവിട്ടത്. പത്തനംതിട്ട
കോന്നി പോലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിചാരണ നടപടികൾ ആരംഭിച്ചിരുന്നില്ല. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെന്നി ജോപ്പൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നടന്ന ഈ അറസ്റ്റ് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

