കോട്ടയത്തിന്റെ വികസന ഭൂപടത്തിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് കോടിമത ആറിന്റെ തീരത്ത് വിപുലമായ പദ്ധതികൾക്ക് കളമൊരുങ്ങുന്നു. ആറിന്റെ തീരത്ത് ആംഫി തിയറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ നഗരത്തെ ആകർഷകമാക്കാനാണ് കോട്ടയം നഗരസഭയുടെ നീക്കം.
കോടിമത ആറിന്റെ തീരം മുതൽ ഈരയിൽക്കടവ് വരെ ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ ജലാഭിമുഖ നടപ്പാത നിർമിക്കാനും പദ്ധതിയുണ്ട്. മഴയത്ത് കുടക്കീഴിലിരുന്ന് ദൃശ്യവിരുന്നുകൾ ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള ആംഫി തിയറ്റർ സമുച്ചയം വിനോദസഞ്ചാരികളെ ആകർഷിക്കും.
ഈ പദ്ധതിയുടെ അന്തിമ അംഗീകാരം സംബന്ധിച്ച നിർണായക ചർച്ചകൾ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ചേരുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ നടക്കും. പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക വിലയിരുത്തലുകൾ നടത്തിക്കഴിഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പിഎം സ്വാനിധി – സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസമാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരം നഗരസഭ അപേക്ഷ സമർപ്പിച്ചത്. പദ്ധതിയെക്കുറിച്ച് നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ പ്രതികരിച്ചത് ഇങ്ങനെ: “അംഗീകാരത്തിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണെന്നും നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ പ്രത്യേകതകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം തയ്യാറാക്കിയ രൂപരേഖയ്ക്ക് നേരത്തെ കൗൺസിൽ അംഗീകാരം ലഭിച്ചിരുന്നു. ആർക്കിടെക്ടുമാരായ അശ്വിൻ ഐപ് ഫിലിപ്പ്, പ്രഭുൽ മാത്യു എന്നിവർ ചേർന്നാണ് കൗൺസിൽ യോഗത്തിൽ പദ്ധതി വിശദീകരിച്ചത്.
ഏകദേശം 5.5 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. ഇതിൽ 4 കോടി രൂപ കേന്ദ്ര സഹായമായി ലഭിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
ബാക്കി തുക നഗരസഭ കണ്ടെത്തും. കോടിമത പാലത്തിനു സമീപമുള്ള നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് മൈതാനത്താണ് 50 സ്റ്റാളുകളോടുകൂടിയ ഈ സ്ട്രീറ്റ് ഫുഡ് ഹബ് വിഭാവനം ചെയ്തിരിക്കുന്നത്.
കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രാദേശിക സ്വയംസഹായ സംഘങ്ങൾക്കും തദ്ദേശീയ സംരംഭകർക്കുമായിരിക്കും സ്റ്റാളുകൾ അനുവദിക്കുന്നതിൽ മുൻഗണന നൽകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

