
വൻ പ്രമോഷനൊന്നും ഇല്ലാതെ എത്തി ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് ഇപ്പോൾ മലയാള സിനിമയിലെ ട്രെന്റ്. രോമാഞ്ചം, 2018, ആർഡിഎക്സ് എന്നിവ ഉദാഹരണം. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി എത്തിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്. ട്രെന്റിനൊപ്പം എന്നും കൂട്ടുകൂടാറുള്ള മമ്മൂട്ടിയുടെ ഈ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കളക്ഷൻ തന്നെ അതിന് തെളിവാണ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒഫീഷ്യൽ ബോക്സ് ഓഫീസ് വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. വർക്കിംഗ് ഡേ ആയിരുന്നു ആദ്യദിനം. അത്തരമൊരു ദിവസത്തിൽ കിട്ടാവുന്ന മികച്ച കളക്ഷനാണ് കേരളത്തിൽ നിന്നുമാത്രം മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്. 2.40 കോടി. ആദ്യദിനം ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനം ആദ്യദിനത്തെക്കാൾ മികച്ച കളക്ഷൻ നേടി. 2.75 കോടി. അങ്ങനെ ആകെ മൊത്തം 5.15 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം നേടിയത്. വേൾഡ് വൈഡ് ആയി നേടിയത് 12.1 കോടിയാണ്.
സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ശ്രദ്ധേയമായ കിംഗ് ഓഫ് കൊത്ത ആദ്യ രണ്ട് ദിനങ്ങളിൽ വേൾഡ് വൈഡ് നേടിയത് 22 കോടിക്കടുത്താണ്. ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, തമിഴ് ചിത്രമായ ജയിലർ ആണ് നിലവിൽ കേരള കളക്ഷനിൽ മുന്നിലുള്ള ചിത്രങ്ങളിലൊന്ന്. ആദ്യ രണ്ട് ദിനങ്ങളിലായി കേരളത്തിൽ നിന്നുമാത്രം നേടിയത് പത്ത് കോടിയോളം രൂപയാണ്. ആദ്യദിനം 5.85കോടി, രണ്ടാം ദിനം 4.80 കോടി എന്നിങ്ങനെയാണ് ജയിലറിന്റെ രണ്ട് ദിവസത്തെ കളക്ഷൻ.
അതേസമയം, ശനി, ഞായൻ ദിവസങ്ങളിൽ കണ്ണൂർ സ്ക്വാഡിന് മികച്ച കളക്ഷൻ ലഭിക്കുമെന്നാണ് വിലയിരുത്തലുകള്. അവധി ദിവസങ്ങളായതിനാൽ കൂടുതൽ ആളുകൾ തിയറ്ററിൽ എത്തുമെന്നും ഈ രണ്ട് ദിവസങ്ങളിൽ കേരളത്തിൽ നിന്നുമാത്രം അഞ്ച് കോടിയോളം രൂപ കളക്ഷൻ ഇനത്തിൽ ലഭിക്കുമെന്നാണ് ട്രാക്കർന്മാരുടെ കണക്ക് കൂട്ടൽ.
Last Updated Sep 30, 2023, 3:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]