രണ്ട് മാസം മുൻപ് ഫിൻലൻഡിൽ വച്ച് കാണാതായ ഹൈദരാബാദ് സ്വദേശി മനിദീപ് റെഡ്ഡിയുടെ (18) മൃതദേഹം കണ്ടെത്തി. ഹെൽസിങ്കിയിലെ കടൽതീരത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് വെള്ളിയാഴ്ച ഇന്ത്യൻ എംബസി വഴി കുടുംബത്തിന് ഔദ്യോഗികമായി വിവരം ലഭിച്ചത്.
ഉന്നത പഠനത്തിനായി ഫിൻലൻഡിൽ എത്തിയ മനിദീപിനെ മേയ് 5-നാണ് കാണാതായത്. ഹെൽസിങ്കിയിലെ ഒരു ഷോപ്പിങ് മാളിൽ വച്ചാണ് വിദ്യാർഥിയെ അവസാനമായി കണ്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
എന്നാൽ, മകന്റെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. തങ്ങളുടെ മകന്റേത് സ്വാഭാവിക മരണമല്ലെന്നും സംഭവത്തിൽ ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ഫിൻലൻഡ് ഭരണകൂടം മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ തങ്ങളിൽ നിന്ന് മറച്ചുവെക്കുന്നതായും ഇവർ ആരോപിക്കുന്നു.
മനിദീപിനെ കാണാതായതിന് പിന്നാലെ വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് അവിടത്തെ അധികൃതർ നൽകിയത്. എന്നാൽ മേയ് 29-ന് ശേഷം ഔദ്യോഗികമായി യാതൊരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കുടുംബം പരാതിപ്പെടുന്നു.
മൃതദേഹം തിരിച്ചറിയുന്നതിനും മരണത്തിന്റെ സാഹചര്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ഫിൻലൻഡിലേക്ക് പോകുന്നതിന് ആവശ്യമായ സഹായം നൽകണമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

