തിയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി കുതിക്കുകയാണ് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. റോബിയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണിത്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജാണ് കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥയൊരുക്കിയത്. ചിത്രം ഒരു അപൂർവതയ്ക്കും കാരണമായിരിക്കുകയാണ്.
1989-ൽ ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു മഹായാനം. ഈ ചിത്രത്തിന്റെ നിർമാതാവായ സി.ടി. രാജന്റെ മക്കളാണ് റോബിയും റോണിയും. സിനിമ അന്ന് നിരൂപക പ്രശംസ നേടിയെങ്കിലും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കാനായില്ല. നിർമാതാവിന് സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. കടക്കെണിയിൽ പെട്ട് സിനിമ നിർമാണം തന്നെ അദ്ദേഹം ഉപേക്ഷിച്ചു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ മൂത്തമകന്റെ തിരക്കഥയിൽ ഇളയമകൻ സംവിധാനം ചെയ്ത ചിത്രം എന്ന അപൂർവതയാണ് കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്.
സംവിധായകനായ റോബി വർഗീസ് രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ അപൂർവ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛൻ സി.ടി രാജന്റെ ചിത്രം പങ്കുവച്ചായിരുന്നു അഞ്ജുവിന്റെ കുറിപ്പ്. ജീവിതവൃത്തം പൂർത്തിയാവുന്നു എന്നാണ് ഇതിനെ ഡോ. അഞ്ജു വിശേഷിപ്പിച്ചത്.
‘‘ഈ ചിത്രം പോസ്റ്റ് ചെയ്യാനായതിൽ ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹവും സമ്മിശ്ര വികാരങ്ങളും. 1989ൽ മമ്മൂട്ടി നായകനായ ‘മഹായാനം’ എന്ന ചിത്രം നിർമിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി. ഒടുവിൽ നിർമാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം പിൻതലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി. 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ റോണി തിരക്കഥയെഴുതി, ഇളയവൻ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാർ മമ്മൂട്ടിയെ വച്ച്!! ജീവിതവൃത്തം പൂർത്തിയാവുന്നു.’’– ഡോ. അഞ്ജു മേരി പോൾ കുറിച്ചു.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി വർഗീസ് രാജ്. 2006-ൽ പുറത്തിറങ്ങിയ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയാണ് ഡോ. റോണി എന്ന റോണി ഡേവിഡ് രാജ് സിനിമയിലെത്തിയത്. റോണി തിരക്കഥയെഴുതിയ ആദ്യചിത്രംകൂടിയാണ് കണ്ണൂർ സ്ക്വാഡ്. മുഹമ്മദ് ഷാഫിക്കൊപ്പമാണ് അദ്ദേഹം ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കണ്ണൂർ സ്ക്വാഡിലെ അംഗമായ ജയൻ എന്ന കഥാപാത്രം അവതരിപ്പിച്ചതും റോണിയാണ്.
Content Highlights: mammootty with mahayanam producer ct rajan and kannur squad movie relation, mammootty
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]