ഫുട്ബോളിലെ ബ്രസീലിന്റെ തോൽവിയും തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം നേരിടുന്ന തിരിച്ചടികളും ഒരുപോലെ കാണികളെ അവഗണിക്കുന്നതിന്റെ ഫലമാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ‘ദാസിന്റെ ലോകം’ അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ പരാജയത്തിൽ ആരാധകർ സങ്കടപ്പെട്ടതുപോലെ തന്നെയാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടപ്പോഴും സംഭവിച്ചത്. അമിതമായ സമ്പത്തും പ്രശസ്തിയും ആഡംബര ജീവിതവും കായികതാരങ്ങളെ തങ്ങളുടെ ആരാധകരിൽ നിന്നും അകറ്റിയെന്നും, ഇതേ വീഴ്ചയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ജനങ്ങളെ മറന്നുപോകരുത് എന്ന ശക്തമായ ഓർമപ്പെടുത്തലാണ് ഈ പരാജയങ്ങൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഫുട്ബോളിനോടുള്ള വികാരമാണ് കമ്മ്യൂണിസത്തോട് ഐ.വി.ദാസ് പുലർത്തിയിരുന്നത് എന്ന് അദ്ദേഹം സ്മരിച്ചു.
ഐ.വി.ദാസിനെപ്പോലെ പത്തു പേരുണ്ടെങ്കിൽ കേരളം മാറിയേനെ എന്ന് എം. മുകുന്ദൻ കൂട്ടിച്ചേർത്തു.
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരൂപകൻ ഇ.പി.രാജഗോപാലൻ, കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി.കരുണാകരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡോ.സുധ അഴീക്കോടൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, തലശ്ശേരി താലൂക്ക് സെക്രട്ടറി വി.പ്രദീപൻ എന്നിവർ സംസാരിച്ചു. വായന ചാലഞ്ചിൽ മികച്ച പ്രകടനം കാഴ്ചവെച്ച തലശ്ശേരി താലൂക്കിലെ 20 വായനശാലകളെ എം.
മുകുന്ദൻ അനുമോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

