മൂന്നാർ മേഖലയിൽ തുടരുന്ന മണ്ണിടിച്ചിൽ ഭീഷണിയും, അതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ പുറപ്പെടുവിച്ച യാത്രാ നിയന്ത്രണങ്ങളും ഇവിടത്തെ മൺസൂൺ ടൂറിസത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ മൂന്നാറിന്റെ മഴക്കാല ഭംഗി ആസ്വദിക്കാൻ വൻതോതിൽ ബുക്കിങ് നടത്തിയിരുന്ന അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഉൾപ്പെടെ യാത്രകൾ റദ്ദാക്കുന്ന സാഹചര്യം ഉടലെടുത്തു.
ടൂറിസം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാന ട്രാവൽ ഏജൻസികൾ റിസോർട്ട് ഉടമകളുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണ്. ഗതാഗത തടസ്സവും പ്രതിസന്ധികളും
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ ബൈപാസ് റോഡ് വഴിയാണ് തിരിച്ചുവിടുന്നത്.
ഇത് മേഖലയിൽ മണിക്കൂറുകൾ നീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. രണ്ട് ദിവസം മുൻപ് പഴയ മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപമുള്ള ഭൂമിയിൽ നൂറു മീറ്ററിലധികം ദൂരത്തിൽ വിള്ളൽ രൂപപ്പെടുകയും മണ്ണ് താഴേക്ക് പതിക്കുകയും ചെയ്തിരുന്നു.
മഴ ശക്തമായാൽ ഈ പ്രദേശം പൂർണമായും തകരാനും, സമീപത്തുള്ള മുതിരപ്പുഴയിലേക്ക് മണ്ണ് പതിച്ച് വെള്ളപ്പൊക്ക ഭീഷണി ഉയരാനും സാധ്യതയുണ്ട്. ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി നടത്തിയ അശാസ്ത്രീയമായ മണ്ണെടുപ്പാണ് പ്രദേശത്തെ അപകടാവസ്ഥയിലേക്ക് നയിച്ചതെന്ന ആക്ഷേപവും ശക്തമാണ്.
മണ്ണുനീക്കൽ നടപടികൾ
പഴയ മൂന്നാർ പാർവതി അമ്മൻ ക്ഷേത്രത്തിന് സമീപമുള്ള മലയുടെ താഴ്ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ്, ഡെപ്യൂട്ടി കലക്ടർ, ജില്ലാ ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കലക്ടറുടെ കർശന നിർദേശപ്രകാരം വിള്ളലുണ്ടായ ഭാഗത്ത് അപകടകരമായി നിൽക്കുന്ന മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
മൂന്നു ദിവസത്തിനുള്ളിൽ മണ്ണുനീക്കി ഭീഷണി ഒഴിവാക്കി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതരുടെ ലക്ഷ്യം. വെള്ളിയാഴ്ചയോടെ ഗതാഗതം ഭാഗികമായി പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും
വിള്ളലുണ്ടായ ഭാഗത്തിന് മുകൾഭാഗത്തുള്ള ആറു മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ പരിശോധനാ സംഘം നിർദേശം നൽകി. കൂടാതെ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അപകടമേഖലയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന റിസോർട്ടുകൾ, ഹോട്ടലുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവ അടച്ചുപൂട്ടി.
ബൈപാസ് പാലം മുതൽ ആർഒ കവല വരെയുള്ള ഭാഗത്ത് നിലവിൽ ഗതാഗത നിരോധനം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

