വടകരയിലെ കടത്തനാട് ലേബർ സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരനെ ക്രൈംബ്രാഞ്ച് പിടികൂടി. സൊസൈറ്റി മുൻ ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ റെനീഷിനെ കോട്ടയത്തെ പാലായിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതിക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചെങ്കിലും ഇയാൾ സംസ്ഥാനത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്നു.
സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇതിനെ തുടർന്ന് 2025 ഡിസംബർ എട്ടിന് സഹകരണ വകുപ്പ് വടകര പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.
പിന്നീട് കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സൊസൈറ്റി മുൻ പ്രസിഡൻ്റും ഡിസിസി സെക്രട്ടറിയുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സൊസൈറ്റി സെക്രട്ടറി പ്രീനയാണ് കേസിലെ രണ്ടാം പ്രതി. കഴിഞ്ഞ മേയ് 29-ന് നിക്ഷേപകനായ ഇബ്രാഹിം ഹാജി, സുധീർ കുമാറിന്റെ വീടിന് മുന്നിലെത്തി തീക്കൊളുത്തി മരിച്ച സംഭവം വലിയ തോതിൽ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.
റെനീഷിന്റെ അറസ്റ്റ് കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

