കള്ളാടിയിൽ ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ വൻ ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് കെഎസ്ആർടിസി ബസ്. 2024-ൽ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ സമയത്ത് ചൂരൽമല പാലത്തിനപ്പുറം കുടുങ്ങിപ്പോവുകയും, പിന്നീട് ബെയ്ലി പാലം നിർമിച്ച ശേഷം പുറത്തെത്തിക്കുകയും ചെയ്ത അതേ ബസാണ് ഇപ്പോൾ വീണ്ടും ഭീതിദമായ സാഹചര്യത്തിന് സാക്ഷ്യം വഹിച്ചത്.
ഇന്നലെ രാവിലെ 11.15-ഓടെയാണ് സംഭവം. ചൂരൽമലയിൽനിന്നു കൽപറ്റയിലേക്കുള്ള കെഎസ്ആർടിസി ബസ് മീനാക്ഷിപ്പാലം കടന്ന് മിനിറ്റുകൾ പിന്നിട്ടപ്പോഴാണ് കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
ഇതേസമയം, കൽപറ്റയിൽനിന്നു ചൂരൽമലയിലേക്കു വരികയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസ് പാലത്തിനു സമീപം എത്തിച്ചേർന്നിരുന്നു. മലയിടിച്ചിൽ ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തിയിട്ടു. നിമിഷങ്ങൾക്കുള്ളിൽ മണ്ണും ചെളിയും ബസിന് തൊട്ടടുത്ത് വരെ പതിക്കുകയായിരുന്നു.
“കൽപറ്റയിൽനിന്നുള്ള യാത്ര കുറച്ചുകൂടി വേഗത്തിലായിരുന്നെങ്കിൽ ഞങ്ങളും അകപ്പെട്ടുപോയേനെ” എന്ന് മേപ്പാടി താഴെ അരപ്പറ്റ് സ്വദേശിയായ ഡ്രൈവർ അനിൽ വർഗീസും താമരശേരി സ്വദേശിയായ കണ്ടക്ടർ ലാൻസനും പ്രതികരിച്ചു. മീനാക്ഷി പാലത്തിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചാൽ മാത്രമേ ബസിന് വീണ്ടും ചൂരൽമലയിലെത്താൻ സാധിക്കൂ.
ഉച്ചയോടെ ഈ ബസ് തിരികെ കൽപറ്റയിലേക്ക് മടങ്ങി. ദുരന്തസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരി കള്ളാടി മമ്മിക്കുന്ന് സ്വദേശിനി മാറാത്ത ആ നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ: “ബഹളം കേട്ടപ്പോൾ കാട്ടാന ഇറങ്ങിയതാണെന്നാണ് ആദ്യം കരുതിയത്.
ബസ് നിർത്തിയപ്പോഴാണ് മണ്ണിടിച്ചിലാണെന്ന് തിരിച്ചറിഞ്ഞത്. ചുളിക്കയിലെത്തിയപ്പോൾ മുതൽ കനത്ത മഴയായിരുന്നു.
മീനാക്ഷി പാലത്തിന് 100 മീറ്റർ അടുത്തെത്തിയപ്പോഴാണ് വലിയ ശബ്ദം കേട്ടത്. ബസ് വേഗത കുറച്ചായിരുന്നു സഞ്ചരിച്ചിരുന്നത്, അതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.” സംഭവത്തെത്തുടർന്ന് കള്ളാടി പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
സ്വന്തം വീട്ടിലേക്ക് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ മാറാത്ത താഞ്ഞിലോട്ടെ റോഷ്ന യൂസഫിന്റെ വീട്ടിൽ പകൽ മുഴുവൻ കഴിച്ചുകൂട്ടുകയും വൈകുന്നേരത്തോടെ അമ്പലവയലിലുള്ള ബന്ധുവീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

