ആലപ്പുഴ വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കൽ നടപടികൾക്കും പാലക്കാട് റെയിൽവേ ബൈപാസ് നിർമാണത്തിനുമായി റെയിൽവേ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ 2013-ലെ ഭൂമിയേറ്റെടുക്കൽ ചട്ടമനുസരിച്ചുള്ള സങ്കീർണ്ണമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് വർഷത്തോളം സമയം വേണ്ടിവരുന്നുണ്ട്.
എന്നാൽ, റെയിൽവേ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ ഈ കാലതാമസം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. നടപടിക്രമങ്ങളിൽ മാറ്റമുണ്ടാകുമെങ്കിലും, ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം 2013-ലെ വ്യവസ്ഥകൾ പ്രകാരം തന്നെ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ– ആലപ്പുഴ, ആലപ്പുഴ– മാരാരിക്കുളം, മാരാരിക്കുളം– തുറവൂർ സെക്ഷനുകളിലെ രണ്ടാം പാത നിർമാണവും പാലക്കാട് ബൈപാസും പ്രത്യേക പദ്ധതികളായി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റെടുക്കേണ്ട
ഭൂമിയുടെ വിസ്തൃതി കുറവായതിനാൽ അമ്പലപ്പുഴ– ആലപ്പുഴ മേഖലയിലെ ഭൂമിയേറ്റെടുക്കൽ നടപടികൾക്കാകും മുൻഗണന നൽകുക. 12.66 കിലോമീറ്റർ നീളമുള്ള ഈ പാത ഇരട്ടിപ്പിക്കലിനായി 324.16 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഇതോടൊപ്പം, 1.8 കിലോമീറ്റർ ദൂരമുള്ള പാലക്കാട്– പറളി ബൈപാസ് നിർമാണത്തിന് ഫെബ്രുവരി മാസത്തിലാണ് റെയിൽവേ ഭരണാനുമതി നൽകിയത്. 163.57 കോടി രൂപയുടെ ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പാലക്കാട് ജംക്ഷനിൽ ട്രെയിനുകളുടെ എൻജിൻ ദിശ മാറ്റുന്നതിനായി നഷ്ടപ്പെടുന്ന 40 മിനിറ്റ് സമയം ലാഭിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

