കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘ചാവേറി’ന് യു.എ സർട്ടിഫിക്കറ്റ്. ഒക്ടോബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. കുഞ്ചാക്കോ ബോബനേയും ആൻറണി വർഗ്ഗീസിനേയും അർജുൻ അശോകനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറയുന്ന സിനിമയാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. നാല് മില്യണിലേറെ കാഴ്ചക്കാരുമായി യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിംഗ് ലിസ്റ്റിൽ തന്നെ തുടരുകയാണ് ട്രെയിലർ.
ജീവനെപോലെ വിശ്വസിക്കുന്ന പാർട്ടിക്കുവേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറാണ് സിനിമയെന്നാണ് ലഭിക്കുന്ന സൂചനകൾ. ആദ്യ രണ്ട് സിനിമകളിലൂടെ തിയേറ്ററുകൾ പൂരപ്പറമ്പാക്കി മാറ്റിയ സംവിധായകന്റെ മൂന്നാമത് ചിത്രമാണ് ‘ചാവേർ’.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് കുഞ്ചാക്കോ ബോബനേയും അർജുൻ അശോകനേയും ആൻറണി വർഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ ട്രെയിലറിൽ കാണാനാകുന്നത്. അടുത്തിടെ ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ രാജീവനായി ഞെട്ടിച്ച ചാക്കോച്ചൻ ‘ചാവേറി’ൽ അശോകനായി വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ സിനിമയിലെത്തുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് സിനിമയിലേക്കുള്ള ഇവരുടെ മടങ്ങിവരവ് എന്നതും പ്രേത്യേകതയാണ്. മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.
കണ്ണൂർ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ‘ചാവേർ’ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുൻനിർത്തി ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെൻറ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളുമൊക്കെ നൽകിയിരുന്ന സൂചന. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: ജിൻറോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]